പുത്തൻ കൃഷി പരീക്ഷണങ്ങളും വിപണനത്തിൽ വ്യത്യസ്തമായ ആശയങ്ങളും കൊണ്ട് ജന ശ്രദ്ധ നേടുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവകർഷകനായ എസ് പി സുജിത്ത്. പ്രണയദിനത്തിൽ സുജിത്ത് നടത്തിയ ചൂണ്ടയിടൽ മത്സരം ഏറെ കൗതുകമുണർത്തുന്നതായിരുന്നു. വിപണിയിൽ മാത്രമല്ല കൃഷിയിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് സുജിത്തിന് ഹോബിയാണ് ഉരുളക്കിഴങ്ങും ഉള്ളിയുമെല്ലാം കഞ്ഞിക്കുഴിയിലെ പഞ്ചാരമണലിലും വിളവ് നൽകുമെന്ന് സുജിത്ത് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്.ഏറ്റവുമൊടുവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉള്ളി കൃഷിയിലും വിജയം കൊയ്തതോടെ 50 സെന്റിലെ ഉള്ളികൃഷി മൂന്ന് ഏക്കറിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് സുജിത്. കഞ്ഞിക്കുഴിയിലെ തരിശുനിലങ്ങൾ പൊന്നു വിളയുന്ന കൃഷിയിടങ്ങളാക്കിമാറ്റുകയാണ് ഈ കർഷകൻ.
ഏഴു വർഷം മുൻപാണ് സ്വർണക്കടയിലെ തന്റെ ജോലി രാജിവെച്ച് സുജിത്ത് കൃഷിയിലേക്കിറങ്ങിയത്. ഇന്ന് കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 15 ഏക്കർ സ്ഥലത്ത് സുജിത്ത് പലതരം വിളകൾ കൃഷി ചെയ്യുന്നുണ്ട്. ചെറുപ്പകാലത്തെ കൃഷി അറിവുകളും ഒപ്പം കൃഷി വകുപ്പിൽ നിന്നുള്ള സാങ്കേതിക സഹായങ്ങളും ലഭ്യമായതോടെ ചുരുങ്ങിയ കാലയളവുകൊണ്ട് സുജിത്ത് ഒരു മികച്ച കർഷകനായി മാറി.
പാവൽ, പടവലം, സാലഡ് കുക്കുംബർ, പീച്ചിങ്ങ, തണ്ണിമത്തൻ, ചീര, വെണ്ട, പച്ചമുളക്, ഉള്ളി, പൊട്ടുവെള്ളരി, കപ്പ തുടങ്ങി അനേകം വിളകളാണ് വാണിജ്യാടിസ്ഥാനത്തിൽ സുജിത്ത് കൃഷിചെയ്യുന്നത്. ഇതോടൊപ്പം ബിഗോവ താറാവ്, മുയൽ, കോഴി, കാരി ചെമ്പല്ലി തുടങ്ങിയ മീനുകൾ എന്നിവയേയും വളർത്തുന്നു.
കൃഷിയിലെ ഈ മികവിന് മികച്ച കർഷകൻ, മികച്ച യുവകർഷകൻ എന്നിങ്ങനെയുള്ള അംഗീകാരങ്ങളും സുജിത്തിന് ലഭിച്ചിട്ടുണ്ട്. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും മാതൃകയാക്കാവുന്ന കർഷകനാണ് സുജിത്ത്.
Discussion about this post