മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിളയാണ് ചേന. സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി, കാളൻ എന്നിങ്ങനെ അനേകം സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന ചേരുവയാണിത്. കാൽസ്യം, ഫോസ്ഫറസ്, ജീവകം എ എന്നിവ ധാരാളമായി ചേനയിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം മാംസ്യം, ധാതുക്കൾ, നാരുകൾ, ഇരുമ്പ്, തയമിൻ, നിയാസിൻ, റൈബോഫ്ലേവിൻ എന്നിവയും ചേനയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.
ഫെബ്രുവരി- മാർച്ച് മാസങ്ങളാണ് ചേന കൃഷിക്ക് യോജിച്ച സമയം. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കൃഷിചെയ്യേണ്ടത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്തുന്നതിന് യോജിച്ച വിളയാണിത്. ശ്രീ പത്മ, ശ്രീ ആതിര എന്നിവ 8-9 മാസം കൊണ്ട് വിളവെടുക്കാനാകുന്ന ഉല്പാദനശേഷി കൂടിയ ഇനങ്ങളാണ്.
കൃഷി രീതി
60 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളിലാണ് ചേന നടുന്നത്. കുഴികൾ തമ്മിൽ 90 സെന്റീമീറ്റർ അകലം പാലിക്കാം. ഇത്തരത്തിൽ തയ്യാറാക്കിയ കുഴികളിൽ രണ്ട് – രണ്ടര കിലോഗ്രാം ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുകൾ നടാനായി ഉപയോഗിക്കാം. നടാനുള്ള കഷണങ്ങൾ ചാണകവെള്ളത്തിൽ മുക്കി ചപ്പുചവറുകൾ കൊണ്ട് പുതയിടണം ഒരു മാസത്തിനുള്ളിൽ ഇവ മുളച്ചു തുടങ്ങും.ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഭാഗങ്ങൾ, മുളപ്പിച്ചെടുത്ത ചെറു ചേനകഷണങ്ങൾ എന്നിവയും നടാനായി ഉപയോഗിക്കാം.
75 മുതൽ 100 ഗ്രാം വരെ ഭാരം വരുന്ന കഷണങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇവ തവാരണകളിൽ 60× 45 സെന്റീമീറ്റർ അകലത്തിൽ നട്ട് പിന്നീട് പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടാം. പരമ്പരാഗത രീതിയിൽ ഒരു ഹെക്ടറിന് 12345 വിത്ത് ചേന ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ 37,000 ചെറു കഷണങ്ങൾ നടാൻ സാധിക്കും. നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ നട്ട് 45 ദിവസങ്ങൾക്ക് ശേഷം ഒരു സെന്റിന് 434 ഗ്രാം യൂറിയ, 1111 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ തോതിൽ ചേർത്തുകൊടുക്കാം. പിന്നീട് നട്ട് 75ആം ദിവസം 434 ഗ്രാം യൂറിയ, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേർത്തുകൊടുക്കാം.
പൂർണമായും ജൈവരീതിയിൽ ചേന കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിൽ ജൈവാംശം ഉറപ്പാക്കാനായി രണ്ടുമാസം മുൻപ് തന്നെ പച്ചില വളങ്ങളുടെ വിത്ത് വിതയ്ക്കാം. ഇതിനായി വൻ പയർ വിത്ത് വിതച്ച ശേഷം ഒന്നര മാസമാകുന്നതോടെ മണ്ണിൽ ഉഴുത് ചേർക്കാം.രോഗകീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചാണകം, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ ചേർത്ത കുഴമ്പിൽ വിത്തുകൾ മുക്കി തണലത്ത് വച്ച് ഉണക്കുന്നത് നല്ലതാണ്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ കുഴിയൊന്നിന് 3 കിലോഗ്രാം എന്ന തോതിൽ കാലിവളം ചേർക്കാം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം കൂടുതൽ ഫലപ്രദമാണ്. ഇതിനോടൊപ്പം ഓരോ കുഴിയിലും 80 ഗ്രാം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നല്ലതാണ്. പൊട്ടാഷ് ലഭിക്കുന്നതിനായി 250 ഗ്രാം ചാരം ഓരോ കുഴിയിലും ചേർത്തുകൊടുക്കാം.
Discussion about this post