കേരളത്തില്‍ തെങ്ങ് കൃഷി ചെയ്യുന്നത് ഏറിയ കൂറും ചെറുകിട -നാമമാത്ര കര്‍ഷകരാണ്. അതായത് അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി ഉള്ളവര്‍.
തെങ്ങിന്‍ തോട്ടത്തില്‍ നിന്നുള്ള അറ്റാദായം വര്‍ധിപ്പിക്കാന്‍ ഉള്ള ഒരു വഴിയാണ്, ഒരേ ഒരു വഴിയാണ് ‘ബഹു നില ബഹു വിള സമ്മിശ്ര കൃഷി'(Multi Species Multi Tier Cropping System ). അതായത്, തെങ്ങിന്‍ തോട്ടത്തെ ഒരു നാല് നില കെട്ടിടത്തോടുപമിച്ചാല്‍ ഏറ്റവും മുകളിലത്തെ നില തെങ്ങും തൊട്ട് താഴെയുള്ള മൂന്നാം നിലയായി തെങ്ങില്‍ പടര്‍ത്തിയ കുരുമുളകും രണ്ടാം നിലയായി കൊക്കോയും വാഴയും ഗ്രൗണ്ട് ഫ്‌ലോര്‍ ആയി തീറ്റപ്പുല്ലോ പൈനാപ്പിളോ ഇഞ്ചിയോ മഞ്ഞളോ ഒക്കെ വളര്‍ത്തി ആദായം വര്‍ധിപ്പിക്കുന്ന രീതി. അന്തരീക്ഷത്തിലെ ഓരോ തട്ടില്‍ നിന്നും അതത് വിളകള്‍ അവര്‍ക്ക് ആവശ്യമായ സൂര്യപ്രകാശം പ്രയോജനപ്പെടുത്തിക്കൊള്ളും .
തെങ്ങിന് ആകെ വെയിലിന്റെ നാല്പത്തിനാല് ശതമാനം മതി. ബാക്കി അന്‍പത്തിയാറു ശതമാനം വെയിലും ബാക്കിയുള്ളവര്‍ എല്ലാരും കൂടി പങ്കിട്ടെടുക്കും. തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ട് മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ ഉള്ള തടത്തില്‍ നിന്നാണ് തെങ്ങ് ഏറെയും വളം വലിച്ചെടുക്കുന്നത്. അതായതു തോട്ടത്തിന്റെ ഏതാണ്ട് ഇരുപത്തേഴു ശതമാനം സ്ഥലത്തു മാത്രമേ തെങ്ങിന്റെ വേരുകള്‍ ഉള്ളൂ. ബാക്കി സ്ഥലം മുഴുവന്‍ തെങ്ങ് മറ്റുള്ളവര്‍ക്കായി മാറ്റി വയ്ക്കുന്നു.
തെങ്ങിന്‍ തോട്ടത്തില്‍ ശാസ്ത്രീയമായി ഇടവിളകള്‍ ചെയ്യുന്നില്ലെങ്കില്‍ അത് ഒരു പാതകം തന്നെ ആണ്. ഭാവനാത്മകമായി, ഇടവിളകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തെങ്ങ് നടുമ്പോള്‍ തന്നെ ഇടയകലം അല്പം പരിഷ്‌കരിക്കുന്നതില്‍ തെറ്റില്ല.
സാധാരണ തെങ്ങ് നടുന്നത് സമചതുര രീതിയില്‍ 7.5mx7.5m അകലത്തില്‍ ആണ്. എന്നാല്‍ കൊക്കോയോ കാപ്പിയോ മറ്റോ ഇടവിളയായി നടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ 10mx5m, 12mx5m, 15x5m എന്നീ അകലങ്ങള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല. അങ്ങനെ എങ്കില്‍ ഒരു ഹെക്ടറില്‍ യഥാക്രമം 200, 166, 133 എന്നിങ്ങനെ ആയിരിക്കും തെങ്ങുകളുടെ എണ്ണം. 15mx5m അകലം എന്ന് പറഞ്ഞാല്‍ ദീര്‍ഘ ചതുരാകൃതിയില്‍ വരിയിലെ അടുത്തടുത്ത രണ്ട് തെങ്ങുകള്‍ തമ്മില്‍ 15 മീറ്ററും ഒരു നിരയിലെ തെങ്ങുകള്‍ തമ്മില്‍ 5 മീറ്ററും അകലം എന്ന് പറയാം. ദീര്‍ഘ ചതുരത്തിന്റെ വീതി കൂടിയ ഭാഗങ്ങള്‍ തെക്ക് വടക്ക് ദിശയില്‍ വരുന്നത് കൂടുതല്‍ അഭികാമ്യം. സമചതുരാകൃതിയില്‍ 7.5m അകലത്തില്‍ നടുമ്പോള്‍ ഒരു ഹെക്ടറില്‍ 175 തൈകള്‍ ആണ് വരിക.
അപ്പോള്‍ പറഞ്ഞുവന്നത് ഒരു ഹെക്ടറില്‍ 175 തെങ്ങ് ഉണ്ടെങ്കില്‍ 175 കുരുമുളക് കൊടികളും നടാം. പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ ഒരു കൊടിയില്‍ നിന്നും ശരാശരി രണ്ട് കിലോ ഉണക്ക കുരുമുളക് കിട്ടും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ ഹെക്ടറിന് 350കിലോ വിളവ്. കിലോയ്ക്ക് ശരാശരി 400രൂപ കൂട്ടിയാല്‍ തന്നെ മൊത്തം ആദായം ഒരു ലക്ഷത്തി നാല്പതിനായിരം രൂപ. ചെലവുണ്ട് എന്നത് മറക്കുന്നില്ല.
തെങ്ങില്‍ എങ്ങനെ ശാസ്ത്രീയമായി കുരുമുളക് പടര്‍ത്താം എന്ന് നോക്കാം.
ഒരുപാട് താങ്ങു മരങ്ങള്‍ ഉണ്ടെങ്കിലും ഒരര്‍ഥത്തില്‍ കുരുമുളകിന് ഏറ്റവും തല ചായ്ക്കാന്‍ പറ്റിയ കൂട്ട് തെങ്ങ് തന്നെ.ആഴാന്തയെയും കവുങ്ങിനെ പോലെയും. ശിഖരങ്ങളില്ല, അല്പം പരുക്കന്‍ തൊലി ആയതു കൊണ്ട് പറ്റുവേരുകള്‍ക്കും പ്രിയം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.തെങ്ങ് ഏതാണ്ട് ഒന്‍പത് മീറ്റര്‍ വളര്‍ന്നതിന് ശേഷം കുരുമുളക് കയറ്റി തുടങ്ങുന്നതാണ് നല്ലത്. കൊടിയ്ക്കു വേണ്ടത്ര വെയില്‍ കിട്ടാന്‍ ഇത് സഹായിക്കും. തിരിയിടുന്ന സമയത്ത് വെള്ളം വീണ് പരാഗണം നടക്കാനും ഇതുപകരിക്കും.
2. വേനല്‍ വരുമ്പോള്‍ ഏറ്റവും ആദ്യം ക്ഷീണം കാണിക്കുന്ന വിളകളില്‍ ഒന്ന് കുരുമുളകാണ്. ആയതിനാല്‍ അല്‍പ സ്വല്പം നനയ്ക്കാനും നന്നായി പുതയിടാനും കഴിയണം.എങ്കില്‍ സംഗതി ഉഷാറാകും.
3. തെങ്ങിന്റെ ചുവട്ടില്‍ നിന്നും ഒന്നര -ഒന്നേമുക്കാല്‍ മീറ്റര്‍ അകലത്തില്‍, രണ്ടടി കുഴിയെടുത്തു അടിവളങ്ങള്‍ ചേര്‍ത്ത്, കുഴി മൂടി, വേര് പിടിപ്പിച്ച തണ്ടുകള്‍ നടാം. തെങ്ങിന്റെ വടക്ക് ഭാഗം ആണ് കുഴി എടുക്കാന്‍ അനുയോജ്യം.
വള്ളി വളരുമ്പോള്‍ നിലത്തു കൂടി തന്നെ പടര്‍ത്തി തെങ്ങില്‍ കയറ്റുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും താങ്ങു തടിയില്‍ തല്ക്കാലം പടര്‍ത്തി നീളമെത്തുമ്പോള്‍ ഇളക്കി തെങ്ങിന്‍ തടിയില്‍ ചേര്‍ത്ത് കെട്ടിക്കൊടുക്കുയോ ചെയ്യാം. അതിന് ശേഷം നിലത്തു പടരുന്ന വള്ളികളുടെ തണ്ടില്‍ മണ്ണിട്ട് മൂടി അതിന് മുകളില്‍ കല്ലോ ഇഷ്ടികയോ നീളത്തില്‍ വച്ചു, തെങ്ങിന് തടം എടുക്കുമ്പോള്‍ കുരുമുളക് വള്ളി പോയ ഭാഗം കിളയ്ക്കാത്ത രീതിയില്‍ സംരക്ഷിക്കാം. (ഇത് പ്രത്യേകം ശ്രദ്ധിക്കണം ).
4.ആദ്യഘട്ടത്തില്‍ വള്ളികള്‍ തടിയോടു ചേര്‍ത്ത് കെട്ടിക്കൊടുക്കേണ്ടി വന്നേക്കാം. പിന്നീട് തനിയെ പറ്റി വളരും.
5.തെങ്ങില്‍ പടരുന്ന കുരുമുളക് കൊടിയുടെ ഉയരം അഞ്ചു -ആറു മീറ്ററായി നിജപ്പെടുത്തുന്നതാണ് വിളവെടുക്കാന്‍ ഉചിതം. തെങ്ങില്‍ കയറാന്‍ ഏണി ചാരി കൊടുക്കുന്ന പൊക്കം വരെ മാത്രം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിക്കുക ദുഷ്‌കരമാകും.
ഇടവിളകള്‍ ഭാവനാത്മകമായി ചെയ്താല്‍ വരുമാനം കൂട്ടാം.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
ചാത്തന്നൂര്‍ കൃഷി ഭവന്‍
Discussion about this post