പഴയകാലത്തെ ജീവിതരീതികൾ എത്രമാത്രം പ്രകൃതിക്കിണങ്ങിയതാണ് എന്ന് തെളിയിക്കുന്നതാണ് മൺകൊട്ടകൾ. വർഷങ്ങൾക്ക് മുൻപ് വരെ വരമ്പുകളുടെ ഉയരം കൂട്ടാനും ഒരു ഭാഗത്തുനിന്നും മണ്ണ് കോരി മറ്റൊരിടത്ത് എത്തിക്കാനും ചാണകം കോരുന്നതിനും ചവറു കോരിയായുമെല്ലാം മൺകൊട്ടകൾ ഉപയോഗിച്ചിരുന്നു. തെങ്ങോല കൊണ്ടാണ് ഇവ നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് മൺ വരമ്പുകൾ മതിലുകൾക്ക് വഴിമാറി, വിപണിയിൽ പ്ലാസ്റ്റിക് ചവറുകോരികൾ സുലഭമായി. അതോടെ മൺകൊട്ടകൾ അന്യംനിന്നുപോയി. മലയാളികൾ മറന്നുപോയ മൺ കൊട്ടകളുടെ നിർമ്മാണ രീതി നമുക്ക് പരിചയപ്പെടുത്തുകയാണ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ ചന്ദ്രൻ.
തെങ്ങോല വെട്ടി മൺകൊട്ടയുണ്ടാക്കുന്ന വിദ്യ ചന്ദ്രൻ പഠിച്ചത് അച്ഛനിൽ നിന്നാണ്. ഉണങ്ങിയ ഓലകൾ കത്തിച്ചശേഷം അതിനു മുകളിലിട്ട് പച്ച ഓല വാട്ടിയെടുക്കുന്നതാണ് ആദ്യത്തെ പണി. വാട്ടിയെടുത്ത ശേഷം ആവശ്യത്തിന് വലിപ്പത്തിൽ ഓലകളെടുത്ത് അവ മെടഞ്ഞാണ് മൺ കൊട്ട നിർമ്മിക്കുന്നത്. ഇവയ്ക്ക് പിടിയുമുണ്ട്.
കൽപ്പ വൃക്ഷമായ തെങ്ങിനെ ആശ്രയിച്ചായിരുന്നു പണ്ട് കേരളീയരുടെ ജീവിതം. മേൽക്കൂര മുതൽ മൺകൊട്ട വരെ നിർമ്മിക്കാൻ തെങ്ങോല വേണമായിരുന്നു. പ്രകൃതിക്കിണങ്ങിയ ഈ ജീവിത രീതി നാം മറന്നു തുടങ്ങിയിരിക്കുന്നു. എങ്കിലും ചന്ദ്രനെപോലുള്ള വ്യക്തികൾ അവ ഇപ്പോഴും ഓർത്തുവയ്ക്കുന്നുണ്ട്. ഒപ്പം ആ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്നു.
Discussion about this post