സാമ്പാറിന് രുചി കൂടാൻ പച്ചക്കറികളും പൊടികളും മാത്രം പോരാ. മണത്താൽ കൊതി പെരുകാൻ മേമ്പൊടിക്ക് കായവും വേണം. ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. എന്നാൽ അനാകർഷകമായ നിറവും ചവർപ്പു രുചിയും കൊണ്ട് ചെകുത്താന്റെ കാഷ്ഠം എന്നാണ് കായം അറിയപ്പെടുന്നത്. ഫെറുല അസഫോറ്റിഡ എന്ന ശാസ്ത്രനാമമുള്ള കായം സാധാരണയായി ഹീംഗ് എന്നാണ് ഇന്ത്യയിൽ അറിയപ്പെടുന്നത്.
കായകൃഷി അത്ര എളുപ്പമുള്ള കാര്യമല്ല. ഭൂമിക്കടിയിലുള്ള വേരുകളിലുള്ള ലാറ്റക്‌സ് അഥവാ ഗം ഒലിയോറെസിൻ (Gum oleoresin) ഉണക്കിയാണ് കായമാക്കി മാറ്റുന്നത്. അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട് .
അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കായം കയറ്റിയയക്കുന്നത്. ഇന്ത്യയിൽ ഹിമാചൽ പ്രദേശിൽ കായകൃഷി ആരംഭിച്ചിട്ടുണ്ട്. പാൽക്കായം ചുവന്ന കായം എന്നിങ്ങനെ രണ്ട് തരത്തിലുള്ള കായങ്ങൾ വിപണിയിൽ ലഭ്യമാണ്.കായത്തിന് രൂക്ഷമായ മണമുണ്ടാകാൻ കാരണം അതിലടങ്ങിയിട്ടുള്ള സൾഫർ സംയുക്തങ്ങളാണ്.
ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ബഹുവർഷിയായ സസ്യമാണ് കായചെടി.. നാലോ അഞ്ചോ വർഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് .മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത് നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും.പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കും .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.
ഭാരതത്തിൽ പണ്ടുകാലം മുതൽക്കേ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യൻ ഡോക്ടർമാരാണ് കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്.
Discussion about this post