ഒരു ശരാശരി മലയാളിയുടെ പുതുവര്‍ഷം /കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നത് വിഷുപ്പുലരിയില്‍ കണിക്കൊന്നയും കണിവെള്ളരിയും കണ്ട് കൊണ്ടാണ്. അതിനാല്‍ തന്നെ സ്വര്‍ണവര്‍ണമാര്‍ന്ന കണിവെള്ളരിയ്ക്കു ഒരു പച്ചക്കറി എന്നതിനേക്കാള്‍ വൈശിഷ്ട്യം ആ സമയത്തുണ്ട്. വെള്ളരിയ്ക്ക് ഏറ്റവും നല്ല വില കിട്ടുന്നതും ആ സമയത്താണ്.
മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ വിശ്രമിക്കുന്നത് ഉച്ചാരയ്ക്കാണ്. വടക്കന്‍ കേരളത്തില്‍ ഉച്ചാരല്‍ എന്ന് പറയുമത്രേ.
ആരന് അഥവാ കുജന് (ചൊവ്വ )ഉച്ചസ്ഥായിയില്‍ നില്ക്കുന്നതിനാല് ആണ് ആ പേര് വന്നത് എന്ന് പറയുന്നുണ്ട്. രജസ്വലയായ ഭൂമീദേവിയ്ക്ക് വിശ്രമം വിധിച്ച നാളുകള്‍. ആ ദിവസം തറ തൂക്കുകയോ പണിയായുധങ്ങള്‍ എടുത്ത് മണ്ണില്‍ പെരുമാറുകയോ ചെയ്യാറില്ല പണ്ടുള്ള ആളുകള്‍. വിത്ത് കൈമാറ്റം ചെയ്യാനോ പത്തായം തുറക്കാനോ പാടില്ല. തുറക്കാതിരിക്കാന്‍ കരീലാഞ്ചി വള്ളികള്‍ കൊണ്ട് പത്തായം കെട്ടി വയ്ക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു.
അടിയാന്, ഉടയോന്റെ പാട്ടവും കടങ്ങളും തീര്‍ക്കുന്ന കാലവും കൂടിയാണ് ഉച്ചാര. കാവുകളിലും ക്ഷേത്രങ്ങളിലും വേലയും പൂരവുമൊക്കെ കേരളത്തില്‍ പലേടത്തും ആഘോഷിക്കാറുണ്ട്. ഉച്ചാരതെയ്യം കെട്ടി ആടാറുമുണ്ട്.
പറഞ്ഞു വന്നത്, മേടവിഷുവിനു കണി കാണാന്‍ നല്ല ഒന്നാന്തരം കണിവെള്ളരി സ്വന്തമായി വിളയിക്കണമെങ്കില്‍ ഉച്ചാരയ്ക്ക് മുന്‍പ് വിത്ത് കുത്തിയിടാം.മകരമാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഉച്ചാര. ഇക്കൊല്ലം ഫെബ്രുവരി 11ന് ആണ്.
ഉഷ്ണമേഖല പച്ചക്കറികളില്‍ (Tropical Vegetables ) ശരീരത്തിന് ഏറ്റവും സൗഖ്യം നല്കുന്ന പച്ചക്കറിയാണ് വെള്ളരി.
വെള്ളരി പലതരത്തില്‍ ഉണ്ട്. കണിവെള്ളരി എന്നത് ശാസ്ത്രീയമായി Oriental Pickling Melon എന്നറിയപ്പെടുന്നു. Cucumis melo var. Conomon എന്ന് ശാസ്ത്രീയ നാമം.
സാലഡ് വെള്ളരി Cucumis sativus ആണ്.
വേനലില്‍ നമ്മുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്ന പൊട്ടുവെള്ളരിയാണ് Cucumis melo var. momordica.
സാമ്പാര്‍ വെള്ളരി അഥവാ മദ്രാസ് ക്യൂക്കുമ്പര് എന്നറിയപ്പെടുന്ന ഇനത്തിന്റെ പേര് Cucurbita madrasapatensis എന്നാണ്.
അങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി ഇനങ്ങള്‍ (Heirloom varieties )
ഭാരതത്തിലുണ്ട്.(ശാസ്ത്രീയ നാമത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം ).
ഇനി കൃഷി രീതികള്‍ നോക്കാം.
ഒരു ഉഷ്ണകാല വിളയാണ് വെള്ളരി.
വിത്തിടുന്നതിനു ഇരുപത് ദിവസം മുന്‍പ് തന്നെ ഒന്നര-രണ്ടടി വ്യാസത്തിലും ഒന്ന് -ഒന്നരയടി ആഴത്തിലും കുഴികള്‍ എടുത്ത് സെന്റിന് 2-3കിലോ കുമ്മായം ചേര്‍ത്ത് കൊത്തിയറഞ്ഞു മണ്ണില്‍ ചേര്‍ത്ത്, കരിയിലകള്‍ കൊണ്ട് മൂടിയിടണം.
രണ്ടാഴ്ച കഴിഞ്ഞ് അഴുകി പൊടിഞ്ഞ കാലിവളം, ചാരം, ചകിരി ചോര്‍ കമ്പോസ്റ്റ്, വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി നടുഭാഗത്തു മണ്ണ് അല്പം ഉയര്‍ത്തി അതില്‍ മൂന്നോ നാലോ വിത്തുകള്‍ വലിയ ആഴത്തില്‍ അല്ലാതെ കുത്തിയിടുക.
കൂടുതല്‍ തടങ്ങള്‍ എടുക്കുന്നു എങ്കില്‍ വരികള്‍ തമ്മില്‍ രണ്ട് മീറ്ററും ഒരു വരിയില്‍ ഉള്ള ചെടികള്‍ തമ്മില്‍ ഒന്നര മീറ്ററും അകലം നല്‍കണം.
നാലാം ദിവസം വിത്തുകള്‍ മുളയ്ക്കും.10 ദിവസം കഴിഞ്ഞു നല്ല കരുത്തുള്ള തൈകള്‍ നിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റാം. ആഴ്ചയില്‍ ഒരിക്കല്‍ ജീവാമൃതം, വളച്ചായ, ഹരിത കഷായം ഇവയില്‍ ഏതെങ്കിലും ഒന്ന് നേര്‍പ്പിച്ചു തടത്തില്‍ ഒഴിച്ച് കൊടുക്കാം. തടം വിസ്താരപ്പെടുത്തി ചെടിത്തണ്ടില്‍ മുട്ടാത്ത രീതിയില്‍ കരിയിലകള്‍ കൊണ്ട് പുതയിട്ട് കൊടുക്കാം.
വേര് നശിപ്പിക്കുന്ന മത്തന്‍ വണ്ടുകളുടെ പുഴുക്കള്‍ ശല്യം ചെയ്തേക്കാം. അങ്ങനെ എങ്കില്‍ ചെടികള്‍ വളര്‍ച്ച മുരടിച്ചു നില്ക്കും. മത്തന്‍ വണ്ടുകള്‍ ഇലയില്‍ തുളകള്‍ ഉണ്ടാക്കിയും ശല്യം ചെയ്യും. പവര്‍ ബാറ്റോ കൈവലയോ കൊണ്ട് അവയെ പിടിച്ചു നശിപ്പിക്കണം. പച്ചച്ചാണകം നീട്ടിക്കലക്കി തടങ്ങളില്‍ ഒഴിച്ച് കൊടുക്കുന്നതും ഗുണം ചെയ്യും
കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണിമ എന്നിവ വിഷുക്കണിയ്ക്ക് യോജിച്ച ഇനങ്ങള്‍ ആണ്. മുടിക്കോട് ലോക്കല്‍ അല്പം വലിപ്പം കൂടിയ ഇനമാണ്.
ആദ്യത്തെ പത്തു ഇലകള്‍ വരുന്നത് വരെ ശിഖരങ്ങള്‍ അനുവദിയ്ക്കേണ്ടതില്ല. പടരുന്ന സമയത്ത് തറയില്‍ ഓല ഇട്ട് കൊടുത്താല്‍ മണ്ണ് ചൂടായി വള്ളികള്‍ വാടുന്നത് തടയാം. ആദ്യമാദ്യം ധാരാളം ആണ്‍പൂക്കള്‍ ആയിരിക്കും ഉണ്ടാകുന്നത്. പിന്നീട് പെണ്‍പൂക്കള്‍ (പിഞ്ച് കായ്കള്‍ )ഉണ്ടാകും. വേണമെങ്കില്‍ കൃത്രിമ പരാഗണം നടത്തിക്കൊടുക്കാം. ഈ സമയത്ത് കായീച്ചയുടെ വലിയ ശല്യം പ്രതീക്ഷിക്കാം. ഫിറോമോണ്‍ കെണി, തുളസിക്കെണി എന്നിവ യഥാസമയം സ്ഥാപിച്ചു കായ്കളെ ഇവയില്‍ നിന്നും രക്ഷിക്കണം. പരാഗണ ശേഷം,ദ്വാരമുള്ള കവറുകള്‍, പേപ്പര്‍, ഉണങ്ങിയ പുല്ല് എന്നിവ കായകളുടെ മുകളില്‍ ഇട്ട് ഈച്ചകളില്‍ നിന്നും സംരക്ഷണം നല്‍കണം.
40-45ദിവസം കഴിയുമ്പോള്‍ പെണ്‍പൂക്കള്‍ വരാന്‍ തുടങ്ങും. പിന്നെ അവ വലുതായി,പച്ചനിറം മാറി സ്വര്‍ണവര്‍ണം എത്തുമ്പോള്‍ വിളവെടുക്കാം. ദീര്‍ഘ കാലം സൂക്ഷിക്കുകയും ചെയ്യാം.
ഉഷ്ണകാലത്തു നമ്മുടെ ശരീരത്തെ hydrated ആക്കി നിര്‍ത്താന്‍ വെള്ളരിയ്ക്കു കഴിയും. അതില്‍ ഉള്ള സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നമ്മുടെ electrolytic balance നില നിര്‍ത്തും. ബ്ലഡ് പ്രെഷര്‍ കുറയ്ക്കും.
തൊലിയോട് കൂടി കഴിച്ചാല്‍ മലബന്ധം ഉണ്ടാകില്ല. സാമ്പാറില്‍ ഒക്കെ ഇടുമ്പോള്‍ തൊലിയോട് കൂടി മുറിച്ചിടാം (വീട്ടില്‍ ഉണ്ടാക്കിയതാണെങ്കില്‍ മാത്രം ??).
ജലാംശം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്നി കള്‍ക്ക് നല്ലതാണ്. ശരീരത്തിലെ അഴുക്കുകള്‍ പെട്ടെന്ന് അരിച്ചു പുറത്ത് കളയും.
തൊലിയ്ക്കു നല്ല തിളക്കം നല്‍കും.പച്ചയ്ക്ക് തിന്നാല്‍ വായ്നാറ്റവും കുറയും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ഒരു ഭക്ഷണമാണ് വെള്ളരിയ്ക്ക. സ്ഥിരമായി കഴിക്കുന്നത് കൊളേസ്ട്രോള് കുറയ്ക്കാനും സഹായിക്കും.
നമ്മള് പാഴാക്കി കളയുന്ന ഒരു ഉപോല്പ്പന്നമാണ് വെള്ളരിയുടെ വിത്തുകള്‍. അത് ഉണക്കി എണ്ണ ചേര്‍ക്കാതെ വറുത്തു കഴിക്കുന്നത് ആരോഗ്യകരമാണ്. സൂര്യകാന്തി, മത്തങ്ങ, ഫ്ലാക്സ്, ചിയ, എള്ള് എന്നിവയുടെ വിത്ത് പോലെ പോഷക പ്രദമാണ് വെള്ളരിയുടെ വിത്തുകളും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്
Discussion about this post