ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തില്‍ ആയവന കൃഷിഭവന്റെ നേതൃത്വത്തില്‍ ആയവനയിലെ പകല്‍വീട്ടില്‍ ആരംഭിച്ച ഇന്‍ഡോര്‍ നഴ്‌സറിയാണ് തളിര്‍. പകല്‍വീട്ടിലെ 14 അന്തേവാസികള്‍ക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു വരുമാനമാര്‍ഗം കൂടി ഒരുക്കിനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭവനിലെയും ആയവന പഞ്ചായത്തിലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആരംഭിച്ച ഇന്‍ഡോര്‍ പ്ലാന്റ് നഴ്‌സറി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ അഞ്ജു പോളിന്റെ ആശയത്തില്‍ വാര്‍ഡ് അംഗം പിആര്‍ രമ്യയുടെ നേതൃത്വത്തിലാണ് തളിര്‍ നഴ്‌സറിക്ക് തുടക്കമായത്.
പകല്‍വീട്ടിലെ അന്തേവാസികള്‍ക്ക് ആത്മവിശ്വാസവും വരുമാനമാര്‍ഗവുമൊരുക്കുക എന്നതാണ് ഈ നഴ്സറിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വാര്‍ഡ് അംഗം പിആര്‍ രമ്യ പറയുന്നു.
പകല്‍വീട്ടിലെ അന്തേവാസികളുടെ തളിര്‍ എന്ന ഈ നഴ്സറിക്ക് പൂര്‍ണപിന്തുണയുമായി ആയവന പിഎച്ച്സിയും കൂടെയുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ അന്തേവാസിളുടെ സന്തോഷത്തിനും ഒപ്പം അവര്‍ക്ക് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രാപ്തമാക്കുന്നതിനും സഹായകമാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശിവപ്രിയ പറഞ്ഞു.
Discussion about this post