വീണ്ടുമൊരു ഓണക്കാലം കൂടിയെത്തി. അത്തം മുതല്‍ പത്ത് ദിവസവും പൂക്കളൊരുക്കിയിരിക്കും സദ്യയൊരുക്കിയും ആഘോഷങ്ങളെല്ലാമായുള്ള ഓണത്തിന് കോവിഡ് വെല്ലുവിളിയാണെങ്കിലും മലയാളികള്‍ കഴിയുന്ന പോലെ ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അത്തം തുടങ്ങിയതോടെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളും നിറഞ്ഞു. പറമ്പിലും തൊടിയിലും നടന്നു പൂ പറിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരുപാട് മാറ്റമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഈ കാഴ്ച ഇന്നും അത്ര വിരളമല്ല. പണ്ടൊക്കെ ഓണപ്പൂക്കളങ്ങളില്‍ നിര്‍ബന്ധമായി കണ്ടുവന്നിരുന്ന ചില പൂക്കളുണ്ട്. ഇന്ന് ഇലകള്‍ വരെ പൂക്കളത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ പുതുതലമുറയും അറിഞ്ഞിരിക്കണം ഏതായിരുന്നു പൂക്കളങ്ങളിലുണ്ടായിരുന്ന യഥാര്‍ഥ പൂക്കളെന്ന്. ഇനിയുള്ള ദിവസങ്ങളില്‍ ഓരോ പൂക്കളെയായി നമുക്ക് പരിചയപ്പെടാം.
തുമ്പപ്പൂ
തുമ്പപ്പൂവില്ലാതെ എന്ത് പൂക്കളം. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയപ്പെട്ട പൂവാണത്രേ തുമ്പ. വെളുത്ത് ചെറിയ രൂപത്തിലുള്ള ഈ പൂ വിനയത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അത്തപ്പൂക്കളത്തിലെ രാജാവാണ് തുമ്പ. ഒരിതള്‍ പൂവെങ്കിലും അത്തപ്പൂവിലുണ്ടാകണമെന്നാണ് പണ്ടുള്ളവര്‍ പറയാറുള്ളത്.
തുമ്പപ്പൂ കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്നു. Leucas aspera എന്നതാണ് തുമ്പയുടെ ശാസ്ത്രനാമം. ആയുര്‍വേദ ഔഷധങ്ങളില്‍ തുമ്പയുടെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കള പോലെയാണ് തുമ്പ പാടത്തും പറമ്പിലുമെല്ലാം വളരുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, മൗറീഷ്യസ്, ചൈനയില്‍ മിതോഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ തുമ്പ കണ്ടുവരുന്നു.
Discussion about this post