മലയാളിയുടെ തീന്‍ മേശയിലെ കരുത്തനാണ് ചേന. ശരീരത്തെ കരുത്തുറ്റതാക്കുന്ന കാല്‍സിയം ഓക്‌സലേറ്റിന്റെ നിറകലാപമാണ് ചേനയുടെ ചൊറിച്ചിലിന്റെ പിന്നില്‍. ചൊറിച്ചിലുള്ളത് വേണ്ടെങ്കില്‍ ഗജേന്ദ്രയോ, ശ്രീ പദ്മയോ നടാം. കാല്‍സ്യം അല്പം കുറഞ്ഞാലും ചൊറിച്ചില്‍ തീരെയുണ്ടാകില്ല. ഇത് എവിടെ ലഭിക്കുമെന്നറിയാന്‍ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ അന്വേഷിച്ചാല്‍ മതി.
മലയാളിയുടെ ക്ഷാമ ഭൂതകാലത്തില്‍ എരിവയറുകള്‍ക്കു കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വര്‍ഗ വിളകള്‍. കപ്പയും ചേനയും കാച്ചിലുമൊക്കെ.
ചേനയ്ക്കു ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. പൊട്ടാസ്സ്യസമ്പന്നമായതിനാല്‍ കൂടിയ രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്കും ചേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി കുറയ്ക്കണമെങ്കിലും ചേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാരണം വയര്‍ നിറഞ്ഞെന്നു വരുത്താന്‍ ചേനയ്ക്ക് കഴിവുണ്ട്. ദഹന നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധ പ്രശ്‌നങ്ങള്‍ പരിഹാരമാണ് ചേന. പൈല്‍സ്, അര്ശസ്, ഗുന്മം എന്നിവയ്ക്കും പ്രതിവിധിയാണ് ചേന. കാരണം ചേനയ്ക്ക് ആന്റിഹെമറോയിഡല്‍ ശേഷിയുണ്ട്. ആര്‍ത്തവ ചക്ര പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമവുമായ ബന്ധപ്പെട്ട മൂഡ് വ്യത്യാസങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാകുന്ന ഫൈറ്റൊ ഈസ്‌ട്രോജന്‍ ധാരാളമുണ്ട് ചേനയില്‍. കൃമി ശല്യത്തിനും പരിഹാരം.
സകല ഉദരവ്യാധികളും മാറ്റുന്ന കാലഭൈരവന്‍ തന്നെയാണ് ചേന. കുംഭത്തിലാണ് മണ്ണില്‍ ശയിക്കാന്‍ ചേനയ്ക്കു ഇഷ്ടം. അതും വെളുത്ത വാവിന്‍ നാള്‍. ഒന്നരയടി കുഴിയില്‍ കുമ്മായം ചേര്‍ത്ത് രണ്ടു വാരം കഴിഞ്ഞു മേല്മണ്ണിട്ടു പകുതി മൂടിയ കുഴിയില്‍ ചാണകപ്പൊടിയും കരിയിലകളുമിട്ടു കൊടുക്കുക. ചേന രണ്ടു തരമുണ്ട്. ഗ്രാമ്യയും വന്യയും. അതായതു നാടനും കാടനും. കാടന്‍ നല്ല ചൊറിയന്‍. കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അര്‍ശസ്സും പൈല്‍സും പമ്പകടക്കും. നാടന്‍ ചേന കര്‍ക്കിടകത്തില്‍ എന്തായാലും കഴിക്കണം.
ഓണത്തിന് വിളവെടുക്കണമെങ്കില്‍ മകരമാസം ആദ്യം നട്ടു നനച്ചു വളര്‍ത്തുക. മഴയെ ആശ്രയിച്ചാണ് കൃഷി എങ്കില്‍ കുംഭ മാസത്തില്‍. വിത്തുചേനയായി വിളവെടുക്കണമെങ്കില്‍ വൃശ്ചികത്തില്‍ കിളയ്ക്കണം. മണ്ണ് തനിയേ ചേനയില്‍ നിന്നും ഇളകി മാറും . വൃശ്ചിക കാറ്റ് കൊണ്ട് ചേനയിലെ നീര് വലിയുന്നതിനാല്‍ ദീര്‍ഘ കാലം കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം. വര്‍ഷത്തില്‍ ഒരു ദിവസം ചേനയ്ക്കായി മെനക്കെട്ടാല്‍ ഒരു കൊല്ലം മുഴുവന്‍ ചേന തിന്നാം.
ഇന്ത്യയാണ് ചേനയുടെ ഈറ്റില്ലം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ വടക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും പറയപ്പെടുന്നു. കാരണം ഇന്ത്യയിലേക്കാള്‍ വംശ വൈവിധ്യം ഉണ്ട് അവിടെ. ചേന ഇന്ന് അന്താരാഷ്ട്ര പ്രശസ്തിയുള്ളതാണ്.
ചേനയുടെ ചൊറിച്ചിൽ കുറയാന്‍ ചെയ്യേണ്ടത്:
1.ചേന അരിയുമ്പോള്‍ കഴുകാതിരിക്കുക. ജലാംശം പറ്റുമ്പോള്‍ ചൊറിച്ചില്‍ കൂടാം
2.ചേന മുറിച്ചു പുളി വെള്ളത്തില്‍ കഴുകി കഷ്ണിക്കാം
3.അരിയുന്നതിനു മുന്‍പ് കയ്യില്‍ വെളിച്ചെണ്ണ പുരട്ടാം
4.ഉപ്പ് വെള്ളം കൊണ്ട് ചേന നന്നായി കഴുകി മുറിക്കാം
5.ചേന വേവിച്ചിട്ടു മുറിക്കുന്നതിനെ കുറിച്ചും ആലോചിക്കാം.
ചൊറിയാത്ത ചേന ഇനങ്ങളായ ഗജേന്ദ്ര, ശ്രീ പദ്മ എന്നിവ കൃഷി ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കാം.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
കൊല്ലം
Discussion about this post