തെങ്ങിന്റെ ഏറ്റവും വലിയ ശത്രുവായ കൊമ്പന്‍ ചെല്ലി ഇന്ന് തെങ്ങുകള്‍ക്ക് ഉണ്ടാക്കുന്ന നാശം ചെറുതല്ല. ഭൂരിഭാഗം തെങ്ങുകളുടെയും നാശത്തിന് കാരണം ചെല്ലികളുടെ ആക്രമണമാണ്. ചെല്ലികളുടെ ആക്രമണം ഉണ്ടായ തെങ്ങില്‍ ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും കാര്യമില്ല. പലരും പാറ്റാഗുളിക പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ തെങ്ങ് രക്ഷപെടും എന്നൊക്കെയാണ് നിര്‍ദേശിക്കുക. എന്നാല്‍ രോഗത്തിന് മരുന്നും, പ്രതിരോധമാര്‍ഗ്ഗവും രണ്ടാണ്.
കൊമ്പന്‍ ചെല്ലിയെ തെങ്ങില്‍ നിന്നും അകറ്റാന്‍ അല്ലെങ്കില്‍ പ്രതിരോധിക്കാന്‍ രൂക്ഷമായ ഗന്ധമുള്ള കീടനാശിനി, അതുപോലുള്ള മറ്റ് വസ്തുക്കള്‍, പാറ്റാഗുളിക, വേപ്പിന്‍ പിണ്ണാക്ക്, തെങ്ങില്‍ വല ചുറ്റുക, കവിളില്‍ മണല്‍ നിറയ്ക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അതെല്ലാം ചെല്ലിയെ പ്രതിരോധിക്കുവാനുള്ള മുന്‍കരുതല്‍ മാത്രം ആണ്. കൊമ്പന്‍ ചെല്ലിയുടെ പുഴുക്കളെ കാണപ്പെടുന്നത് ചാണകക്കുഴി , ജൈവാവശിഷ്ടങ്ങള്‍ അഴുകിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ്. എന്നാല്‍ ഇവ വളര്‍ന്ന് വലുതായാല്‍ രൂക്ഷമായ ഗന്ധം പലതും ഇവയ്ക്ക് അലസോരം ഉണ്ടാക്കുന്നതായിട്ടാണ് കാണുന്നത്.അതാണ് പാറ്റാഗുളിക അല്ലെങ്കില്‍ മറ്റ് രൂക്ഷമായ ഗന്ധമുള്ള വസ്തുക്കള്‍ തെങ്ങില്‍ നിക്ഷേപിച്ചാല്‍ ഇവ തെങ്ങില്‍ വരില്ല എന്ന് പറയുന്നത്. എന്നാല്‍ പാറ്റാഗുളിക പോലുള്ള വസ്തുക്കള്‍ തുറസായ സ്ഥലങ്ങളില്‍ പൊട്ടിച്ച് വച്ചിരുന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവയുടെ ഗന്ധം നിലനില്‍ക്കില്ല. വേപ്പിന്‍ പിണ്ണാക്കിന്റെ കാര്യവും സമാനമാണ്. ഗന്ധം നഷ്ട്ടപ്പെടുന്ന മുറയ്ക്ക് അവ പുതിയതായി വച്ചുകൊണ്ടിരിക്കണം. അത് ആരും കൃത്യമായി ചെയ്യുന്നതായും കാണുന്നില്ല.
.കൊമ്പന്‍ ചെല്ലി ഭക്ഷണം ആക്കുന്നത് തെങ്ങിന്റെ ഇളം കൂമ്പും, തെങ്ങിന്റെ മധുരമുള്ള കുടപ്പനും ആണ്. തെങ്ങിന്റെ ഗന്ധം ആകര്‍ഷിച്ച് കൊമ്പന്‍ ചെല്ലി തെങ്ങില്‍ എത്തും. തെങ്ങിന്റെ മൃദുലമായ ഭാഗങ്ങളില്‍ ഇവ ആക്രമണം തുടങ്ങും. തുടര്‍ന്ന് അവ മറ്റ് തെങ്ങുകളില്‍ പോകും. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം മൂലം തെങ്ങുകള്‍ പൂര്‍ണ്ണമായും നശിക്കാറില്ല. എന്നാല്‍ തെങ്ങിന്റെ വളര്‍ച്ച മുരടിക്കാന്‍ ഇത് കാരണമാകും. കൊമ്പന്‍ ചെല്ലി ആക്രമിച്ച ഭാഗങ്ങളില്‍ കൂടി ചെമ്പന്‍ ചെല്ലി എന്ന ജീവി തെങ്ങില്‍ കയറി കൂടും. ഇതാണ് ഏറ്റവും അപകടകാരി. തെങ്ങിനെ ബാധിക്കുന്ന ക്യാന്‍സര്‍ എന്ന് വേണമെങ്കില്‍ ചെമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം ഉണ്ടായ ശേഷം ഉണ്ടാകുന്ന ചെമ്പന്‍ ചെല്ലിയുടെ ആക്രമണം, മറ്റ് കുമിള്‍ രോഗങ്ങള്‍ എന്നിവ മൂലം ആണ് ഭൂരിപക്ഷം തെങ്ങുകളും നശിക്കുന്നത്. ചെമ്പന്‍ ചെല്ലി തെങ്ങിന്റെ ഉള്ളില്‍ തന്നെ മുട്ടയിട്ട് പെരുകുന്നതിനാല്‍ തെങ്ങിന്റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും അവ തിന്ന് നശിപ്പിക്കുന്നു. തെങ്ങിന്റെ മണ്ട മറിയുമ്പോള്‍ മാത്രമാകും ഇവയുടെ ആക്രമണം തിരിച്ചറിയുക.
കൊമ്പന്‍ ചെല്ലിക്കുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കാര്യക്ഷമമായി തന്നെ സ്വീകരിക്കുകയാണെങ്കില്‍ ഒരു പരിധിവരെ തെങ്ങിനെ രക്ഷപെടുത്തി എടുക്കാം. കൊമ്പന്‍ ചെല്ലിയുടെ ശരീരഭാഗങ്ങള്‍ വളരെ കട്ടിയുള്ളതും വേഗത്തില്‍ പരിക്ക് ഏല്‍ക്കാത്തതുമാണ്. തെങ്ങിന്റെ കവിളില്‍ മണല്‍ ഇടുന്നതിന്റെ ഉദ്ദേശം, മണല്‍ ഇവയുടെ കഴുത്ത് പോലുള്ള ഭാഗങ്ങളില്‍ പരിക്ക് ഏല്‍പ്പിക്കുമെന്നതിനാലാണ്. മണലില്‍ തരി രൂപത്തില്‍ ഉള്ള ഏതെങ്കിലും കീടനാശിനി കൂടി ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഇവയ്ക്ക് മരണം സംഭവിച്ചേക്കാം.തെങ്ങിന്റെ കവിളില്‍ മണല്‍ നിറച്ചാലും തെങ്ങിന്റെ കുടപ്പന്‍ ഇവ ആക്രമിക്കും. മണലില്‍ രൂക്ഷമായ കീടനാശിനി കലര്‍ത്തി ഇടുന്നത് വഴി കീടനാശിനിയുടെ ഗന്ധം മൂലം ഇവയെ അകറ്റുവാന്‍ സാധിക്കും.
ഇനി ചെല്ലികളുടെ ആക്രമണം ഉണ്ടായി കഴിഞ്ഞ തെങ്ങുകളെ രക്ഷിക്കണമെങ്കില്‍ കഠിനപ്രയത്‌നം തന്നെ വേണ. ചെല്ലിയുടെ ആക്രമണം തുടങ്ങിയ തെങ്ങില്‍ ചെല്ലികള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം ….ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ആണ് എങ്കില്‍ അവയെ നമുക്ക് കണ്ടെത്തുവാനും ബുദ്ധിമുട്ട് ആയിരിക്കും. അവയ്ക്ക് അന്തര്‍വ്യാപന ശേഷിയുള്ള കീടനാശിനി തന്നെ വേണ്ടി വരും. അതുപോലെ കൂമ്പ് ചീച്ചില്‍ പോലുള്ള രോഗങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കുമിള്‍നാശിനി തന്നെ വേണം. ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ഉണ്ടായ തെങ്ങില്‍ എത്രയും വേഗം വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ച് പോകും.
ചെല്ലിയുടെ ആക്രമണം ഉണ്ടായ തെങ്ങില്‍ റ്റാറ്റമിട അല്ലെങ്കില്‍ confidor എന്ന രാസകീടനാശിനി പ്രയോഗിക്കാം. അതുപോലെ കോണ്‍ടാഫ് 5e എന്ന കുമിള്‍നാശിനിയും കുമിള്‍രോഗങ്ങളെ പ്രതിരോധിക്കും. ബോര്‍ഡോ മിശ്രിതം നല്ല ഒരു കുമിള്‍നാശിനി ആണെങ്കിലും വേഗത്തില്‍ ഗുണം കിട്ടുന്നത് കോണ്‍ടാഫ് പോലുള്ള കുമിള്‍നാശിനി പ്രയോഗിക്കുന്നത് ആകും. മേല്‍പറഞ്ഞ രാസകീടനാശിനിയും, കുമിള്‍നാശിനിയും 3ml വീതം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തെങ്ങിന്റെ കൂമ്പിലും ,പരിക്ക് പറ്റിയ ഭാഗങ്ങളിലും പലവട്ടം ഒഴിക്കുക. ചെല്ലി പൂര്‍ണ്ണമായും നശിക്കണം. കുമിള്‍നാശിനി കൂടുതല്‍ ദിവസം ഒഴിക്കുന്നതും നല്ലതാണ്.
ചെല്ലികളെ തെങ്ങില്‍ എത്തുന്നതിന് മുന്‍പായി കെണി ഒരുക്കി പിടിക്കുന്നത് നല്ലൊരു മാര്‍ഗ്ഗം ആണ്. കള്ളിലും, കള്ളിന്റെ ഗന്ധമുള്ള വസ്തുക്കളിലും ഇവ ആകൃഷ്ടരായി എത്തും. കള്ള് അല്ലെങ്കില്‍ കൃതൃമമായി കള്ള് ഉണ്ടാക്കി അതില്‍ രൂക്ഷമായ ഗന്ധം കുറവുള്ള ഏതെങ്കിലും കീടനാശിനി കലര്‍ത്തി ഇവയെ നശിപ്പിക്കാം. കൃത്രിമമായ കള്ള് ഉണ്ടാക്കുവാന്‍ ഏറ്റവും നല്ല ഒരു വസ്തു ആണ് പൈനാപ്പിള്‍.
കൊമ്പന്‍ ചെല്ലിയെ പ്രതിരോധിക്കാന്‍ ഉചിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. അതുപോലെ ആക്രമണം ഉണ്ടായ തെങ്ങില്‍ ചെല്ലികളെ നശിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച ശേഷം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. കൊമ്പന്‍ ചെല്ലിക്ക് എതിരെ പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഒന്നും ചെമ്പന്‍ ചെല്ലിക്ക് ബാധകം ആകാറില്ല. അതുകൊണ്ട് അതിന് വേണ്ടതായ കാര്യങ്ങള്‍ ചെയ്യുക. തേനീച്ച, തേന്‍ നുകരുവാന്‍ എത്തുന്ന ചെറു ജീവികള്‍ ഒക്കെയാണ് തെങ്ങിന്റെ പൂക്കുലയില്‍ പരാഗണം നടത്തുന്നവരില്‍ പ്രധാനി. കായ്ക്കുന്ന തെങ്ങില്‍ രൂക്ഷമായ ഗന്ധമുള്ള വസ്തുക്കള്‍ പ്രയോഗിക്കുന്നതിലൂടെ ഇവയുടെ സാമിപ്യം നഷ്ടമാകാതെയും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് തെങ്ങിന്റെ പരാഗണത്തെ ബാധിക്കുവാനും കാരണമാകും.
കൊമ്പന്‍ ചെല്ലിയും , ചെമ്പന്‍ ചെല്ലിയും
തെങ്ങിന്റെ ഏറ്റവും പ്രധാന രണ്ട് ശത്രുക്കള്‍ കൊമ്പന്‍ ചെല്ലിയും, ചെമ്പന്‍ ചെല്ലിയും ആണ്. ഇവയെ തുരത്തുവാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഫലപ്രദം ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
1. തെങ്ങിന്റെ കവിളില്‍ പാറ്റാഗുളിക നിക്ഷേപിക്കുക
2. തെങ്ങിന്റെ കവിളില്‍ മണലും, വേപ്പിന്‍ പിണ്ണാക്കും മിക്‌സ് ചെയ്ത് നിക്ഷേപിക്കുക
3. തെങ്ങിന്റെ കവിളില്‍ ഉപ്പും , മണലും നിക്ഷേപിക്കുക …
4. തെങ്ങില്‍ വേപ്പിന്‍ പിണ്ണാക്ക് പുളിപ്പിച്ച് വെള്ളം തെങ്ങില്‍ സ്‌പ്രെയ് ചെയ്യുക …
5. വാഹനങ്ങള്‍ക്ക് ഉപയോഗിച്ചശേഷം മാറ്റി കളയുന്ന ഓയില്‍,ഡീസല്‍ എന്നിവ ചെറിയ കുപ്പികളിലോ , കവറിലോ തെങ്ങിന്റെ കവിളിലോ , തടിയോട് ചേര്‍ന്നോ നിക്ഷേപിക്കുക …( ഇവ ഇളം കൂമ്പില്‍ വീഴാതെ കവിളില്‍ സ്‌പ്രെയ് ചെയ്യുന്നതും നല്ലതാണ് )
6. ഫെറോമോണ്‍ കെണി ഉപയോഗിച്ച് ചെല്ലികളെ പിടിക്കുക
7. ഫെര്‍ട്ടറ / ഫിപ്രോണില്‍ എന്ന കീടനാശിനി 3 5 ഗ്രാം സുഷിരങ്ങളിട്ട ചെറു പോളിത്തീന്‍ കവറുകളിലാക്കി ഓലക്കവിളില്‍ വയ്ക്കുന്നതു ഫലപ്രദം
8. വേപ്പിന്‍ പിണ്ണാക്ക് വളമായി ഉപയോഗിക്കുക…തെങ്ങുകളുടെ കരിമ്പിന് മധുരം കൂടുതലായിരിക്കും.വേപ്പിന്‍ പിണ്ണാക്ക് വളമായി ഉപയോഗിച്ചാല്‍ കരിമ്പിന് കയ്പുരസം ഉണ്ടാകും
9. വേപ്പെണ്ണ നേര്‍പ്പിച്ച് മണ്ടയില്‍ തളിക്കുക. വേപ്പെണ്ണ പുഴുക്കളേയും വണ്ടുകളെയും നശിപ്പിക്കും.
10. ചെറിയ തെങ്ങുകള്‍ വലയിട്ടാല്‍ വണ്ടുകള്‍ വരുന്നത് തടയാം.
11. ഒരു ബക്കറ്റിലോ , ടാങ്കിലോ ശര്‍ക്കര പാനി ഉണ്ടാക്കി അതിലേക്ക് ചെല്ലികളെ ആകര്‍ഷിച്ച് അവയെ ഇല്ലാതാക്കുകയും ചെയ്യാം.
12. ഒരു കപ്പ് പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ പുളിപ്പിച്ച അര ലിറ്റര്‍ തേങ്ങാ വെള്ളം ഒഴിച്ച് ഇളക്കി വെളുത്ത ബക്കറ്റില്‍ തോട്ടത്തില്‍ വച്ചാല്‍ അതില്‍ ആകര്‍ഷിച്ച് കൊമ്പന്‍ ചെല്ലികള്‍ വന്ന് വീഴുന്നതായി കാണുന്നുണ്ട്.
13. മെറ്റാറൈസിയം കുമിള്‍ 5ാഹ / 1 ലിറ്റര്‍ വെള്ളത്തില്‍ 1 ക്യുബിക് മീറ്ററില്‍ തളിക്കുക.
14. തെങ്ങിന്റെ തലപ്പത്തുള്ള രണ്ടു മൂന്ന് നാമ്പോലകളിലെ കവിളുകളില്‍ 25 ഗ്രാം സെവിഡോള്‍ ഒപ്പം 200 ഗ്രാം മണല്‍ മിശ്രിതം നിറയ്ക്കുക.
15. വീട്ടില്‍ വാങ്ങുന്ന മല്‍സ്യ ,മാംസങ്ങളുടെ അവശിഷ്ട്ടങ്ങള്‍ തെങ്ങിന്റെ കവിളുകളില്‍ നിക്ഷേപിക്കുമ്പോള്‍ അവിടെ പുളി ഉറുമ്പുകള്‍, നീറ് എന്നിവ സ്ഥാനം പിടിക്കുകയും അവ പച്ചക്കറിയിലേതുപോലെ ഈ ചെല്ലിപോലുള്ള കീടങ്ങളെ തുരത്തുന്നതും കാണുന്നുണ്ട് .
16.പുളിച്ച കഞ്ഞിവെള്ളത്തില്‍ പൈനാപ്പിള്‍ വെസ്റ്റ് ഇട്ട് കുപ്പികളില്‍ വച്ചിരുന്നാല്‍ കൊമ്പന്‍ ചെല്ലികള്‍ അതില്‍ അകപ്പെടുന്നതായും കാണുന്നു.
17. CARTAP HYDRO CHLORIDE എന്ന കീടനാശിനി 16 ഗ്രാം 50 ഗ്രാം മണലില്‍ മിക്‌സ് ചെയ്ത് തെങ്ങിന്റെ കവിളുകളില്‍ ഇടുന്നത് കൊമ്പന്‍ ചെല്ലിയെ അകറ്റുന്നതിന് ഉപകരിക്കും. കീടനാശിനിയുടെ ഗന്ധം ആണ് അവയെ അകറ്റുന്നത്.
18. റബ്ബര്‍ ഷീറ്റ് അടിക്കുമ്പോള്‍ കിട്ടുന്ന വെള്ളം അല്ലെങ്കില്‍ ഉറ ഒഴിച്ച ആസിഡ് കലര്‍ന്ന വെള്ളം സോപ്പ് ലായനി കൂടി മിക്‌സ് ചെയ്ത് തെങ്ങിന്റെ കവിളുകളിലും , കൂമ്പിലും ഒഴുകുന്നതും ചെല്ലിയെ അകറ്റുവാന്‍ സഹായിക്കും. വെള്ളത്തിന് വീര്യം കൂടുതല്‍ ആണെങ്കില്‍ നേര്‍പ്പിക്കുവാന്‍ മറക്കരുത്.
19. ചെറിയ തെങ്ങുകളില്‍ വലിയ കണ്ണി അകലം ഇല്ലാത്ത വലകള്‍ തെങ്ങിന്റെ കൂമ്പിന്റെ ഭാഗത്തായി ചുറ്റി കെട്ടുന്നത് ഇപ്പോള്‍ ചെല്ലികളെ നശിപ്പിക്കുവാന്‍ ഒരു മാര്‍ഗ്ഗം ആയി കാണുന്നുണ്ട്. ചെല്ലികള്‍ ഈ വലയില്‍ കുടുങ്ങി പോകുകയും. അവയ്ക്ക് പറന്ന് പോകുവാന്‍ കഴിയാതെയും വരുന്നു.
20.പാറ്റഗുളികക്ക് പകരമായി കായം തെങ്ങിന്റെ കവിളില്‍ ഇടുന്നതും കൊമ്പന്‍ ചെല്ലിയെ അകറ്റുവാന്‍ സഹായിക്കും. ഇവയുടെയെല്ലാം രൂക്ഷമായ ഗന്ധമാണ് ഇവയെ അകറ്റുന്നത്. അതിനാല്‍ ഒരു നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഇവ മാറ്റി പകരം പുതിയത് വച്ചിരുന്നാല്‍ മാത്രം ആണ് ഇതിന്റെ ഗുണം കൂടുതല്‍ കിട്ടുകയുള്ളു. രൂക്ഷഗന്ധമുള്ള കീടനാശിനികള്‍ തെങ്ങിന്റെ കവിളിലും ,മണ്ടയിലും ഒക്കെ തളിക്കുന്നതും കൊമ്പന്‍ ചെല്ലിയെ അകറ്റുവാന്‍ സഹായിക്കും. .എന്നാല്‍ ഇത് പരാഗണ ജീവികള്‍ക്ക് ദോഷമാകാതെ നോക്കുകയും വേണം.
പാറ്റാഗുളിക , വേപ്പിന്‍ പിണ്ണാക്ക്, വേപ്പെണ്ണ , ഓയില്‍, ഡീസല്‍, മറ്റ് കീടനാശനികള്‍ ഇവയുടെയൊക്കെ രൂക്ഷ ഗന്ധം ആണ് ഇവയെ തുരത്തുവാന്‍ സഹായിക്കുന്നത്. മണല്‍ ഇവയുടെ ശരീരത്തില്‍ പരിക്കുകള്‍ ഏല്‍ക്കുവാനും കാരണം ആകുന്നു….മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം ഒരു ബക്കറ്റില്‍ ശര്‍ക്കര ലായനി ഉണ്ടാക്കി ചെല്ലികളെ ഇതിലേക്ക് ആകര്‍ഷിച്ച് നശിപ്പിച്ചു കളയാം.തെങ്ങിന്റെ കുടപ്പന് മധുരം ആയതുകൊണ്ട് ആണ് മധുരം ഇഷ്ട്ടപ്പെടുന്ന ഈ ജീവികള്‍ തെങ്ങിനെ കൂടുതല്‍ തീറ്റ വസ്തു ആക്കുന്നത്. തെങ്ങുകള്‍ കായ്ക്കുന്നത് വരെ രൂക്ഷ ഗന്ധമുള്ള കീടനാശിനികള്‍ തെങ്ങിന്റെ കൂമ്പിലും , കവിളിലും എല്ലാം തളിക്കുന്നത് ആണ് കൊമ്പന്‍ ചെല്ലിയെ അകറ്റുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. കായ്ഫലം ഉള്ള തെങ്ങുകളില്‍ കീടനാശിനി ഉപയോഗിക്കുമ്പോള്‍ പരാഗണ ജീവികള്‍ക്ക് ദോഷം ആകാതെയും ശ്രദ്ധിക്കണം .ഇല്ലെങ്കില്‍ തെങ്ങിന് കായ്ഫലം കുറയും.
തയ്യാറാക്കിയത്:
അനില്‍ മോനിപ്പിള്ളി
Discussion about this post