ഗാര്ഡനൊരുക്കുമ്പോള് എങ്ങനെയൊക്കെ വ്യത്യസ്തമായി ചെയ്യാമെന്നാണ് മിക്കവരും ഇപ്പോള്‍ ചിന്തിക്കുന്നത്. ചെടികള്‍ ധാരാളം വെച്ചുപിടിപ്പിക്കുന്നതിനപ്പുറം എത്രത്തോളം മനോഹരമാക്കാമെന്നാണ് ഗാര്ഡന് പ്രേമികള്‍ നോക്കുന്നത്. അത്തരത്തില്‍ ഗാര്‍ഡനെ മനോഹരമാക്കാന്‍ കഴിയുന്നതാണ് വാര്‍ട്ടന്‍ ഗാര്ഡന് അഥവാ ഉദ്യാനപ്പൊയ്ക. പലതരത്തിലുള്ള പൂവിടുന്ന ജലസസ്യങ്ങള്‍ ഇന്ന് ലഭ്യമായതുകൊണ്ട് തന്നെ വാട്ടര്‍ ഗാര്‍ഡന്റെ ഭംഗി കൂടുകയും ചെയ്യും.
മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന കല്ലുസംഭരണികള് മുതല്‍ പാഷിയോ രൂപത്തിലുള്ള കണ്ടെയ്നറുകളിലും കുഞ്ഞു കുളങ്ങളിലും പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ വരെ വാട്ടര്‍ ഗാര്‍ഡനിംഗ് ചെയ്യാം. താമര, ആമ്പല്‍ എന്നിവയ്ക്ക് പുറമെ വിവിധയിനം പൂവിടും ജലസസ്യങ്ങളും ലഭ്യമാണ്. കൂടാതെ മീനുകള്‍, ഫൗണ്ടെയ്ന് എന്നിവയും വാട്ടര്‍ ഗാര്‍ഡനില്‍ സെറ്റ് ചെയ്താല്‍ വാട്ടര്‍ ഗാര്ഡന് കൂടുതല്‍ ഭംഗിയാകും.
വാട്ടര്‍ ഗാര്ഡന് പണിയുന്നതിനുമുമ്പ്, വലിപ്പത്തെ കുറിച്ചും രൂപകല്‍പ്പനയെ കുറിച്ചും ചെറിയൊരു ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കും. കാരണം സാധാരണ ഗാര്‍ഡനിംഗില്‍ നിന്ന് വ്യത്യസ്തമായി, അല്‍പ്പം ചെലവും സമയവും കൂടുതല്‍ ആവശ്യമായി വരുന്നതാണ് വാട്ടര്‍ ഗാര്‍ഡനിംഗ്. ചെറിയ ചിലവില്‍ മതിയെങ്കില്‍ ഒരു കണ്ടെയ്നറില്‍ കുഞ്ഞു വാട്ടര്‍ ഗാര്ഡന് ഒരുക്കാവുന്നതാണ്. ഒരു കുളം പോലെയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പരിചയസമ്പന്നനായ ഒരു കോണ്ട്രാക്റുമായി ബന്ധപ്പെടുന്നതായിരിക്കും നല്ലത്. കാരണം മോശം പ്ലാനിംഗും അബദ്ധങ്ങളും ധനനഷ്ടത്തിന് കാരണമാകും.
യെല്ലോ വാട്ടര്‍ ലില്ലി, വാട്ടര്‍ പോപ്പി, വാട്ടര്‍ മൊസൈക് പ്ലാന്റ്, നെയ്യാമ്പല്‍,ഡബിള്‍ ഫ്ലവറിങ് ആരോ ഹെഡ്, മെക്സിക്കന്‍ സ്വാര്ഡ, എന്നിവയെല്ലാം വാട്ടര്‍ ഗാര്ഡന് ഒരുക്കാന്‍ തെരഞ്ഞെടുക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി പൂവിടുന്നവയാണ് ഇവ. സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക് ബേസിനുകളാണ് വാട്ടര്‍ഗാര്‍ഡന്‍ ഒരുക്കാന്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ കൊതുക് മുട്ടയിട്ടു പെരുകാതിരിക്കാന്‍ ഗപ്പിമത്സ്യം വളര്‍ത്താം.
Discussion about this post