വേവിക്കാതെ വെള്ളത്തിൽ കുതിർത്ത് ചോറാക്കാനാകുന്ന “അസമീസ് മാജിക് റൈസ്” അഥവാ “ബോക്ക സൗൽ” തെലുങ്കാനയിൽ വിളയിച്ചിരിക്കുകയാണ് കരിംനഗർ സ്വദേശിയായ ശ്രീകാന്ത് എന്ന കർഷകൻ.
അസമിലെ ഗുവാഹട്ടി യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് ശ്രീകാന്ത് സ്വന്തം സംസ്ഥാനത്ത് ഈ അരി വിളിയ ച്ചിരിക്കുന്നത്. 145 ദിവസത്തെ ദൈർഘ്യമുള്ള വിളയാണ് ബോക്ക സൗൽ. ഇതോടൊപ്പം 120ഓളം അപൂർവ നെല്ലിനങ്ങളും ശ്രീകാന്ത് എന്ന കർഷകൻ കൃഷി ചെയ്യുന്നുണ്ട്.
എന്താണ് “ബോക്ക സൗൽ”?
അസമീസ് മാജിക് റൈസ് എന്നാണ് ബോക്ക സൗൽ അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ മഡ് റൈസ് എന്നും പേരുണ്ട്. അരി വേവിക്കാൻ സമയം നഷ്ടപ്പെടുത്തുകയോ ഗ്യാസ് ചിലവാക്കുകയോ വേണ്ട. 2018-ൽ അസമിൽ നിന്നുള്ള ഈ അപൂർവയിനം അരിക്ക് ഭൂപ്രദേശസൂചികാ പദവി (ജി ഐ ടാഗ് ) ലഭിച്ചിട്ടുണ്ട്.
കേരളീയരെപോലെതന്നെ അസംകാരുടെ ഭക്ഷണത്തിലും ചോറ് ഒരു പ്രധാനഘടകമാണ്. അസാമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ബോക്ക സൗൽ കൃഷി ചെയ്യുന്നത്. ജൂണിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന “സാലി” സീസണിലാണ് കൃഷി
ബോക്ക സൗലിന്റെ പ്രത്യേകതകൾ
15 മിനിറ്റ് വെള്ളത്തിൽ കുതിർത്താൽ ബോക്ക സൗൽ കഴിക്കാൻ പാകമാകും. സാധാരണ അരിയിൽ 20 മുതൽ 25 ശതമാനം വരെ അമയിലോസ് അടങ്ങിയിട്ടുണ്ട്. എന്നാൽ മഡ് റൈസിൽ അത് നാലു മുതൽ അഞ്ച് ശതമാനം വരെയാണ്. ഈ പ്രത്യേകതകൊണ്ടാണത്രേ ബോക്ക സൗൽ ഇത്ര എളുപ്പത്തിൽ പാകപ്പെടുത്താനാകുന്നത്.10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും ബോക്ക സൗലിൽ അടങ്ങിയിരിക്കുന്നു. പൂർണമായും ജൈവരീതിയിൽ മാത്രമേ ഉത്പാദിപ്പിക്കാനാകൂ എന്നതും ഈ അരിയുടെ പ്രത്യേകതയാണ്. അസമിലെ കർഷകരുടെ പ്രധാന ആഹാരമായ ബോക്ക സൗൽ തൈര്, ശർക്കര, പഴം എന്നിവയുമായി ചേർത്താണ് കഴിക്കുന്നത്.
Discussion about this post