സ്വർണനിറത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്ന കേരളീയർക്ക് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണ്. മലയാള സാഹിത്യത്തിനുപോലും പ്രിയപുഷ്പമാണ് കണിക്കൊന്ന. “ഏതു ദൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ” എന്ന് വിഷുക്കണി എന്ന കവിതയിൽ പ്രിയകവി വയിലോപ്പിള്ളി പാടുന്നു.
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. ഓഫീർപ്പൊന്ന് ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. പയർ വർഗങ്ങളുടെ കുടുംബത്തിൽപ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ്.അലങ്കാരച്ചെടിയായും തണൽവൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്.
കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. കേരളത്തിന്റെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന.വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നപ്പൂക്കൾ മനം കവരുന്ന കാഴ്ചയാണ്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു
പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ് പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്. കൊന്നയിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവിന്റെ സാന്നിധ്യമുള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.
Discussion about this post