ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ സെക്രട്ടേറിയറ്റില്‍ നിര്‍മ്മിച്ച അക്വാപോണിക്‌സ് യൂണിറ്റില്‍ Green Volunteers ഗ്രൂപ്പ് ഉല്പാദിപ്പിച്ച വിഷരഹിത മത്സ്യത്തിന്റെ വിളവെടുപ്പും വിപണന ഉദ്ഘാടനവും മന്ത്രി J. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. കിലോ കണക്കിന് മത്സ്യമാണ് വിളവെടുപ്പ് നടത്തിയത്.
അനക്‌സ് രണ്ടിന് മുകളില്‍ നടത്തിയ അക്വാപോണിക്‌സ് അഥവാ മണ്ണില്ലാകൃഷിയില്‍ നിന്ന് വിളവെടുത്തത് ഒരു കിലോയോളം തൂക്കമുള്ള ആസാം വാളയാണ്. എട്ട് മാസം വളര്‍ച്ചയെത്തിയ മീനുകളെ കിലോ 200 രൂപ നിരക്കിലാണ് വിറ്റത്.
മത്സ്യകൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിനോടകം രണ്ട് വിളവെടുപ്പാണ് പച്ചക്കറി കൃഷിയില്‍ നടത്തിയത്. ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ എന്‍ സുരേഷ്‌കുമാറാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഉച്ചയൂണ് കഴിയുമ്പോഴും ഓഫീസ് സമയത്തിന് ശേഷവുമാണ് ജീവനക്കാര്‍ കൃഷിക്കായി സമയം മാറ്റിവെക്കുന്നത്.
രണ്ടായിരത്തോളം ജീവനക്കാരാണ് ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ആദ്യ വിളവെടുപ്പ് വിജയിച്ചതോടെ ഇനിയും കൃഷി തുടരാനുള്ള തീരുമാനത്തിലാണ് ഗ്രൂപ്പ്.
Discussion about this post