ബാക്ടീരിയല്‍ വാട്ടരോഗം തക്കാളിയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഈ രോഗമുള്ള ചെടിയുടെ തണ്ട് മുറിച്ച് നല്ല വെള്ളത്തില്‍ മുക്കിവെച്ചാല്‍ മുറിപ്പാടില്‍ നിന്ന് വെളുത്ത നൂലുപോലെ ബാക്ടീരിയം ഊര്‍ന്നുവരുന്നതായി കാണാം.
കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ കൂടുതലുള്ള വെള്ളം ഒഴുകിപോകാനുള്ള സൗകര്യമുണ്ടാക്കുക, രോഗലക്ഷണമുള്ള ചെടികള്‍ പിഴുതുനീക്കുക എന്നീ കാര്യങ്ങളാണ് രോഗത്തെ പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. രോഗബാധ നേരത്തേ കണ്ടിട്ടുള്ള ഇടങ്ങളില്‍ തക്കാളിക്കൃഷി താത്കാലികമായി ഒഴിവാക്കുക.
ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ നേരം തൈകള്‍ മുക്കിവെച്ച ശേഷം നടുക. തൈകള്‍ നടുന്നതിനുമുന്‍പ് കൃഷിയിടത്തില്‍ ഒരു സെന്റിന് 10 ഗ്രാം എന്ന തോതില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി മണ്ണിളക്കി ചേര്‍ക്കുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കുന്നതും തടത്തില്‍ ഒഴിക്കുന്നതും വാട്ടരോഗം അകറ്റിനിര്‍ത്തും.
ശക്തി, മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, അക്ഷയ, വെള്ളായണി വിജയ് തുടങ്ങിയ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
Discussion about this post