മഞ്ഞൾ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോൾ. ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ രീതിയിൽ ചെരിവിന് കുറുകെ വാരങ്ങൾ എടുത്താണ് മഞ്ഞൾ കൃഷി നടേണ്ടത്. തടങ്ങൾ തമ്മിൽ ഇടയകലം 40 സെൻറീമീറ്റർ എങ്കിലും പാലിക്കണം. വാരങ്ങൾക്ക് 25 സെൻറീമീറ്റർ ഉയരവും ക്രമീകരിക്കണം. തടങ്ങൾ നിരപ്പാക്കി 25 സെൻറീമീറ്റർ അകലത്തിൽ ചെറു കുഴികൾ എടുത്താണ് മഞ്ഞൾ വിത്ത് നടേണ്ടത്. മഞ്ഞൾ കഷ്ണത്തിന് 15 ഗ്രാം തൂക്കം എങ്കിലും ഉണ്ടാകണം.
വാരങ്ങളിൽ ചെറിയ കുഴികൾ എടുത്ത് മുള മുകളിലേക്ക് വരത്തക്ക രീതിയിലാണ് നടേണ്ടത്. അതിനുശേഷം ഉണങ്ങിയ ചാണകപ്പൊടിയും ചേർത്ത് മൂടണം. നടുമ്പോൾ ട്രൈക്കോഡർമ കൾച്ചറുകൾ ചേർക്കുന്നത് ഏറ്റവും നല്ലതാണ്. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറച്ച് ഏകദേശം മുക്കാൽ ഇഞ്ച് കനത്തിൽ എങ്കിലും മണ്ണ് നിർത്തുന്നത് നല്ലതാണ്. തുടർന്ന് പച്ചില ഉപയോഗിച്ച് പുതയിടാം. 50 ദിവസങ്ങൾക്ക് ശേഷം അത്രതന്നെ പച്ചില പുതിയിടാൻ ഉപയോഗിക്കാം.
കളയെടുക്കൽ മഞ്ഞൾ കൃഷിയിൽ പ്രധാനമാണ്. നട്ട് 60 ദിവസം കഴിഞ്ഞ് നല്ലവണ്ണം കളയെടുത്ത ശേഷം ചുവട്ടിൽ മണ്ണ് കൂട്ടി കൊടുക്കണം. പിന്നീട് 120 ദിവസം കഴിഞ്ഞ് കളയെടുപ്പ് ആവർത്തിക്കാം. പ്രതിഭയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന മഞ്ഞൾ ഇനം. മഞ്ഞളിനെ ബാധിക്കുന്ന കുമിൾ/ ബാക്ടീരിയ രോഗങ്ങളെ പ്രതിരോധിക്കാൻ മൈക്കോറൈസ ഉപയോഗിക്കാവുന്നതാണ്.
Discussion about this post