ഒരേ താളത്തിലും രൂപത്തിലും പ്രത്യേക കരവിരുതില്‍ മെടഞ്ഞെടുക്കുന്ന തഴപ്പായകള്‍ ഒരു കാലത്ത് കേരളത്തിന്റെ ഗ്രാമീണത്തനിമയുടെ അലങ്കാരമായിരുന്നു. ഗ്രാമങ്ങളില്‍ സുലഭമായിരുന്ന കൈതകളില്‍ നിന്ന് വെട്ടിയെടുക്കുന്ന തഴയോലകളില്‍ നിന്നാണ് മനോഹരമായ തഴപ്പായകള്‍ നെയ്തെടുക്കുന്നത്. വീടുകളുടെ അതിരുകള്‍ കൈതചെടികള്‍ക്ക് പകരം കമ്പിവേലികളും മതിലുകളും സ്ഥാനം പിടിച്ചതോടെ കൈതച്ചെടികള്‍ കുറഞ്ഞെങ്കിലും തഴവയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍ തഴപ്പായ നിര്‍മ്മാണത്തില്‍ ഇപ്പോഴും സജീവമാണ്. കാണുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും ഏറെ അധ്വാനമുള്ള തൊഴില്‍ മേഖലയാണ് തഴപ്പായ നിര്‍മ്മാണമെന്ന് ഇവര്‍ പറയുന്നു.
മെത്തപ്പായ, യോഗ പായ, നിസ്‌കാര പായ, കുട്ടികള്‍ക്കുള്ള പായ തുടങ്ങി വിവിധ തരം പായകള്‍ ഇവര്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. പായകള്‍ക്ക് പുറമെ അമ്പതോളം മനോഹരമായ ഉല്‍പ്പന്നങ്ങളും കൈതോല കൊണ്ട് ഇവര്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഒരുമ തഴപ്പായ യൂണിറ്റ് എന്ന സഹകരണ സംഘത്തിന് കീഴിലാണ് ഇവയുടെ നിര്‍മ്മാണം.
ഗ്രാമീണതയുടെ മുഖമായിരുന്ന പലതും കാലത്തിനൊപ്പം മാഞ്ഞുപോയെങ്കിലും ഇന്നും തഴപ്പായ നിര്‍മ്മാണം നിലച്ചുപോകാത്തത് ഇതുപോലുള്ള വീട്ടമ്മമാരുടെ അധ്വാനം കൊണ്ടാണ്.
Discussion about this post