പാവൽ കുടുംബത്തിലെ അംഗമാണ് എരുമ പാവയ്ക്ക. പണ്ടുകാലത്ത് മരുന്നിനും പച്ചക്കറിയ്ക്കും എരുമ പാവയ്ക്ക ധാരാളമായി ഉപയോഗിച്ചിരുന്നു.രൂപത്തിൽ റംബൂട്ടാനോട് സാദൃശ്യമുള്ള ആകർഷകമായ കുഞ്ഞൻ കായകളുള്ള ഒരു പാവൽ ചെടിയാണിത്. വള്ളിപ്പടർപ്പുകളിൽ ധാരാളമായി പടർന്നു പിടിച്ചിരുന്ന ഈ വള്ളിച്ചെടിയുടെ കായകൾ കുറച്ചുകാലം മുൻപുവരെ നാം പച്ചക്കറിയായി ഉപയോഗിച്ചിരുന്നു. സ്പൈനി ഗോർഡ് എന്നറിയപ്പെടുന്ന എരുമ പാവയ്ക്കയുടെ ശാസ്ത്രീയനാമം മൊമോഡിക്ക ടയോഇക്ക എന്നാണ്. നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ ഇത് പല പ്രദേശങ്ങളിൽ അറിയപ്പെടുന്നു. പാവക്കയുടെ തൊലിപ്പുറത്ത് മൃദുവായ ചെറു മുള്ളുകൾ കാണാം. നന്നായി മൂത്തതും പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്ക് പച്ചനിറമാണ്. ഒരു കായ്ക്ക് 30 ഗ്രാം മുതൽ 100 ഗ്രാം വരെ തൂക്കം വരും. 10 സെന്റീമീറ്ററോളം വലിപ്പവുമുണ്ടാകും.
കയ്പ്പ് തീരെയില്ലാത്ത പാവൽ ഇനമാണിത്. ഇളം കായകളുടെ തൊലി നീക്കം ചെയ്ത് വിത്തടക്കം കറിവയ്ക്കാനാകും. മെഴുക്കുപുരട്ടിയായും ഉണക്കി വറുത്തും കായകൾ ഉപയോഗിക്കാം.പഴുത്ത കായകൾക്കുള്ളിലെ ചുവന്ന പൾപ്പ് സ്വാഭാവിക നിറം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അൾസർ, മൂലക്കുരു, പാമ്പ് വിശം എന്നിവയ്ക്കുള്ള കഷായം നിർമ്മിക്കാൻ എരുമ പാവയ്ക്കയുടെ കിഴങ്ങുകൾ ഉപയോഗിക്കാറുണ്ട്. എരുമപ്പാവലിന്റെ കായകൾക്കുള്ളിലെ മാംസളമായ ഭാഗം സൗന്ദര്യവർദ്ധക ക്രീമായും ലിപ്സ്റ്റിക്കായും സംസ്കരിച്ചെടുക്കാം. വെള്ളത്തിൽ ചേർക്കുമ്പോൾ കടുംചുവപ്പു നിറം നൽകുന്ന ലൈകോപിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. ഇങ്ങനെ അനേകം ഗുണങ്ങളുള്ള എരുമപ്പാവലിനെയാണ് പുത്തൻ പച്ചക്കറികളുടെ വരവോടെ നാം മറന്നു കളഞ്ഞത്.
Discussion about this post