വീടിന്റെ മുറ്റത്തും, ടെറസിലും ചെടിച്ചട്ടികളിലും വരെ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ചെറുനാരകം. കുറഞ്ഞത് 10 സെന്റ് സ്ഥലമുള്ളവര്‍ക്ക് വരുമാനം നേടാനും ചെറുനാരക കൃഷിയ്ിലൂടെ സാധിക്കും. പരിപാലിക്കാനുള്ള ചിലവും കുറവായതിനാല്‍ കൃഷി ലാഭകരമാക്കാന്‍ സാധിക്കും.
ഏകദേശം 100 ഹൈബ്രിഡ് തൈകള്‍ 10 സെന്റ് സ്ഥലത്തു നടാം. 2 വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുവാന്‍ കഴിയുന്ന ഹൈബ്രിഡ് ഹൈ യില്‍ഡ് ചെടിയാണെങ്കില്‍ രണ്ടാം വര്‍ഷം ഏറ്റവും കുറഞ്ഞത് 5 കിലോ നാരങ്ങ വിളവെടുക്കുവാന്‍ കഴിയും. ഇപ്പോഴത്തെ വില അനുസരിച്ചു കിലോക്ക് 40 രൂപ വച്ചു കൂട്ടിയാലും 20000 രൂപ ലഭിക്കും.
കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടണം. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്. കായ്ഫലം മെച്ചപ്പെടുത്താന്‍ മഴക്കാലത്തിനു മുന്നോടിയായി കൊമ്പുകോതല്‍ നടത്താം. ഒരു വര്‍ഷമായ തൈകളിലെ ശാഖകള്‍ തറ നിരപ്പില്‍നിന്ന് 60 സെ.മീ. ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റണം.
കായ്ക്കുന്ന മരമൊന്നിന് പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. 500 ഗ്രാം നൈട്രജന്‍, 150 ഗ്രാം ഫോസ്ഫറസ്, 300 ഗ്രാം പൊട്ടാഷ് എന്നിവയാണ് മരമൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളങ്ങള്‍. ഇവ രണ്ടു തവണയായി നല്‍കാം.
Discussion about this post