ചെടികള്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം ചുവട് വെക്കുന്നത് മണിപ്ലാന്റ്/ പോത്തോസിലൂടെയാകും. അതിന് കാരണം വേഗത്തില്‍ വളരുമെന്നതും പരിപാലനം എളുപ്പമാണെന്നതുമാണ്. പോത്തോസില്‍ തന്നെ പല വിധ വെറൈറ്റികളുമുണ്ട്. അതിലൊന്നാണ് പോത്തോസ് എന്‍ ജോയ്. ഇത് എങ്ങനെ വളര്‍ത്താമെന്നും പലിപാലിക്കാമെന്നും നമുക്ക് നോക്കാം.
ഏത് മണ്ണിലും എന്‍ ജോയ് സന്തോഷത്തോടെ വളരും. ചട്ടിയില്‍ നീര്‍വാര്‍ച്ചയുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. പീറ്റ് മോസ് കൊണ്ടുണ്ടാക്കിയ പോട്ടിംഗ് മിക്‌സ് ഉപയോഗിച്ചാല്‍ നനയുടെ കാര്യം കുറച്ച് കൂടി എളുപ്പമാകും. കാരണം ഈര്‍പ്പവും പോഷകങ്ങളും ദീര്‍ഘനേരം നിലനിര്‍ത്താന്‍ ഈ പോട്ടിംഗ് മിക്‌സ് സഹായിക്കും.
കുറഞ്ഞ സൂര്യപ്രകാശത്തിലും വളരാന്‍ കഴിയുമെങ്കിലും മിതമായ സൂര്യപ്രകാശമാണ് എന്‍ ജോയ് പോത്തോസിന് വളരാന്‍ ഉത്തമം. കുറഞ്ഞ വെളിച്ചത്തിലും അതിജീവിക്കാന്‍ സാധിക്കുമെങ്കിലും ഇലകളുടെ നിറത്തില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. ഇലയുടെ നിറം നല്ല പച്ചനിറത്തിലാണെങ്കില്‍ ഉറപ്പിക്കാം അതിനാവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന്. പച്ചനിറം നല്ല പോലെയായാല്‍ പ്രകാശം കുറഞ്ഞ സ്ഥലത്തേക്ക് മാറ്റിവെക്കാം. പിന്നീട് വീണ്ടും പ്രകാശം കൂടുതല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റി ഈ പ്രക്രിയ തുടരാവുന്നതാണ്. പ്രകാശം കൂടിയാല്‍ ഇലകള്‍ മഞ്ഞയോ വെള്ളയോ നിറമായി മാറും. അങ്ങനെ വരുമ്പോള്‍ തണലത്തേക്ക് ചെടിമാറ്റിവെക്കുക.
എ ജോയ് പോത്തോസ് വീടിന്റെ അകത്തായാലും പുറത്തായാലും നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. കാരണം നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാല്‍ ഇലകള്‍ കരിഞ്ഞുപോകും.
പോത്തോസ് എന്‍-ജോയ് ഈര്‍പ്പമുള്ള മണ്ണില്‍ നന്നായി വളരും. അതിനാല്‍, നനവ് നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.എന്നാല്‍ അമിത നനയും പാടില്ല. നന കൂടിയാലും കുറഞ്ഞാലും ചെടിയുടെ ഇല ബ്രൗണ്‍ നിറമാകും. അതുകൊണ്ട് തന്നെ മണ്ണില്‍ തൊട്ടുനോക്കിയാണ് നന കൂടുതലാണോ കുറവാണോ എന്ന് മനസിലാക്കേണ്ടത്.
ചെടി സൂക്ഷിക്കുന്ന സ്ഥലത്ത് മുറിയിലെ താപനില നിലനിര്‍ത്തുന്നത് ഉറപ്പാക്കുക. ഹീറ്റിംഗ്, എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്ന് ഇത് അകറ്റി നിര്‍ത്തണം.
വളപ്രയോഗമില്ലെങ്കിലും നന്നായി തഴച്ചുവളരാന്‍ പോത്തോസിന് സാധിക്കും. എങ്കിലും ആവശ്യമെങ്കില്‍ മാസത്തില്‍ ഒരു തവണ വളം നല്‍കാം.
പ്രൊപഗേഷന്‍ ചെടിയുടെ വളര്‍ച്ച പെട്ടെന്നാക്കും. ചെടിയുടെ ഒരു കഷ്ണം തണ്ട് കൊണ്ട് മറ്റൊരു പോത്തോസ് മനോഹരമായി വളര്‍ത്തിയെടുക്കാവുന്നതാണ്. വെള്ളത്തില്‍ ഇട്ടുവെച്ച് വേര് വന്ന ശേഷം മണ്ണിലേക്ക് നട്ടാലും മതി.
10 അടി (3 മീറ്റര്‍) വരെ ഉയരത്തില്‍ വളരുന്ന ഒരു ചെടിയാണ് പോത്തോസ് എന്‍-ജോയ്. ചില സമയത്ത് ഇലകളില്ലാതെ തന്നെ ചെടിയുടെ തണ്ട് നീണ്ടുപോകും. ചെടി നിറഞ്ഞുകവിഞ്ഞാല്‍ മാറ്റിനടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post