മറ്റുള്ള കൂണുകളേക്കാള്‍ സൂക്ഷിപ്പു കാലം കൂടിയതും കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയില്‍ മികച്ച രീതിയില്‍ വളരുകയും ചെയ്യുന്ന കൂണാണ് പാല്‍കൂണ്‍. തൂവെള്ള നിറത്തിലുള്ള പാല്‍ക്കൂണിന്റെ രാസനാമം കലോസൈബ് ഇന്‍ഡിക്ക എന്നാണ്.
ഭീമ എന്ന പേരില്‍ കാര്‍ഷിക സര്‍വകലാശാല ഒരു പാല്‍കൂണ്‍ വികസിപ്പിച്ചെടുത്തു. പേര് പോലെ തന്നെ ഭീമന്‍ കൂണ്‍. ഏകദേശം 500ഗ്രാമോളം വരും. കര്‍ഷകര്‍ക്കിടയില്‍ ഭീമ പാല്‍കൂണ്‍ പരിചയപ്പെടുത്തുന്നതിനായി മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം എടപ്പാള്‍ കോലൊളമ്പ്, നന്നംമുക്ക് പഞ്ചായത്തുകളില്‍ ഒരു മുന്‍നിര പ്രദര്‍ശനം നടത്തിയിരുന്നു. ഭീമയുടെ വിത്തും മറ്റ് അവശ്യ സാമഗ്രികളും കര്‍ഷകര്‍ക്ക് നല്‍കുകയും പാല്‍കൂണ്‍ കൃഷി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂണ്‍കൃഷിയില്‍ പ്രാവീണ്യമുള്ള 10 കര്‍ഷകരെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തിരുന്നത്.
ഓരോ കര്‍ഷകനും വൈക്കോല്‍ മാധ്യമമാക്കി 10 ബെഡുകള്‍ വീതം തയ്യാറാക്കി. 25-28 ദിവസമായപ്പോള്‍ ബെഡുകള്‍ മുറിച്ച് അതില്‍ കേസ്സിംഗ് നിറച്ചു. ദിവസവും ഒരു തവണ നനച്ചു. മറ്റ് കൂണുകളെ പോലെ 10 ദിവസത്തിന് ശേഷം പറിച്ചെടുക്കാതെ 5 ദിവസം അധികം നിര്‍ത്തിയാല്‍ വലിയ കൂണുകളായി ഇവ മാറും. മാത്രമല്ല എല്ലാ ബെഡുകളിലും ഒരു പോലെ വലിയ കൂണുകള്‍ ഉണ്ടാവുകയും ചെയ്തതു. ഇത് കര്‍ഷകരെ സംബന്ധിച്ച് അദ്ഭുതമായിരുന്നു.
സാധാണ കൂണുകളെ പോലെ തന്നെയാണ് ഭീമയുടെ മണവും സ്വാദും. എന്നാല്‍ 10 ദിവസത്തോളം സൂക്ഷിച്ചുവെക്കാന്‍ സാധിക്കുന്നുവെന്നും, ഒരു കൂണിന് തന്നെ 500 ഗ്രാം വരെ തൂക്കം വരുന്നതു കൊണ്ട് കൂടുതല്‍ വിളവ് ലഭിക്കുമെന്നതുമാണ് ഭീമ പാല്‍ക്കൂണിനെ ഇതര കൂണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കും. പൊതുവെ വേനല്‍ക്കാലങ്ങളില്‍ കൂണ്‍ കൃഷി അത്ര എളുപ്പമല്ല. എന്നാല്‍ ഭീമ പ്രാധാന്യമര്‍ഹിക്കുന്നത് അത്, വേനലിലും നല്ല വിളവ് നല്‍കുന്നു എന്നതിനാലാണ്.
Discussion about this post