നമ്മുടെ അടുക്കള തോട്ടത്തിലെ പ്രധാനപ്പെട്ട പച്ചക്കറി വിളകളായ തക്കാളി,വഴുതന, മുളക്, പയർ തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് വെള്ളീച്ച. ഇലകളുടെ താഴെ വെള്ള പൊടി പോലെ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ചെടികൾ മുരടിച്ചു പോകുവാനും, ഉണങ്ങി നശിക്കുവാനും കാരണമാകാറുണ്ട്. ചെടികളുടെ ഓരോ വളർച്ച ഘട്ടത്തിലും ഇവയെ ശ്രദ്ധിക്കാതെ ഇരുന്നാൽ കായ് ഫലം കുറയുകയും ചെടി പൂർണ്ണനാശത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വെള്ളീച്ച ആക്രമണം കാണുന്ന ഇലകൾ നശിപ്പിച്ചു കളയുവാനും, അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ജൈവകീടനാശിനി ഉപയോഗപ്പെടുത്തി സ്പ്രേ ചെയ്തു നൽകുവാനും ശ്രദ്ധിക്കുക.
വെള്ളീച്ച ആക്രമണം നേരിടാൻ മൂന്ന് വിദ്യകൾ
1. വെള്ളീച്ചയെ വളരെ എളുപ്പത്തിൽ തുരത്താൻ ഒരു സവാള മാത്രം മതി. ഇതിനുവേണ്ടി തൊലിയോട് കൂടിയ ഒരു സവാള ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് മൂന്ന് വെളുത്തുള്ളി അല്ലി തൊലിയോട് കൂടിയതും, മൂന്ന് കാന്താരി മുളകും, ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് മിക്സിയിൽ അടിക്കുക. ഇങ്ങനെ കിട്ടുന്ന മിശ്രിതം നല്ലതുപോലെ ഇളക്കി വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് ഒഴിച്ച് അടച്ചു വയ്ക്കുക. സൂര്യപ്രകാശം കിട്ടാത്ത ഒരു മുറിയിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക.ഒരു ഒരു ദിവസം ഇപ്രകാരം അടച്ചു വച്ചതിനുശേഷം പിറ്റേദിവസം പാത്രത്തിലെ ലായനി അരിപ്പയോ, തുണിയോ ഉപയോഗിച്ച് അരിച്ച് തെളി മാത്രം എടുക്കുക. ഇതിലേക്ക് ഒരു ലിറ്റർ വെള്ളവും, രണ്ടു തുള്ളി ഡിഷ് വാഷോ / ഷാംപൂവോ ഒഴിക്കുക. പിന്നീട് ഈ മിശ്രിതം നല്ലതുപോലെ ഇളക്കി സ്പ്രയറിൽ ഒഴിച്ച് വെള്ളീച്ച ആക്രമണം കാണുന്ന ഇലകളുടെ താഴം ഭാഗത്ത് വൈകുന്നേരം സമയങ്ങളിൽ തളിച്ചു കൊടുക്കുക. നാലുദിവസം കൂടുമ്പോൾ ഒന്ന് എന്ന രീതിയിൽ തളിച്ചു കൊടുത്താൽ പൂർണമായും വെള്ളീച്ചകളുടെ നാശം സംഭവിക്കും. നീരൂറ്റി കുടിക്കുന്ന സകല പ്രാണികളുടെയും ആക്രമണത്തെ പ്രതിരോധിക്കാൻ ഈ മിശ്രിതം ഉപയോഗപ്പെടുത്താം. ഉപദ്രവകാരികളായ പ്രാണികളുടെ ആക്രമണം കാണാത്ത സാഹചര്യത്തിലും ഭാവിയിൽ ഇത്തരം ആക്രമണത്തെ പ്രതിരോധിക്കുവാൻ വേണ്ടി ചെറിയ തൈ ആയിരിക്കുമ്പോൾ വീര്യം കുറഞ്ഞ രീതിയിൽ ഇത് ഉപയോഗപ്പെടുത്താം. ഇതിനുവേണ്ടി തയ്യാറാക്കിയ മിശ്രിതത്തിന്റെ പകുതിയും,അതിൻറെ ഇരട്ടി വെള്ളവും, രണ്ടു തുള്ളി ഡിഷ് വാഷും ചേർത്ത് ഉപയോഗിച്ചാൽ മതി.
2. വെള്ളീച്ച ആക്രമണത്തെ പൂർണ്ണമായും പ്രതിരോധിക്കാൻ കർഷകർ ഉപയോഗപ്പെടുത്തുന്ന മറ്റൊന്നാണ് മണ്ണെണ്ണ. ഒരു ലിറ്റർ വെള്ളത്തിന് ഒരു എം എൽ മണ്ണെണ്ണയാണ് ഉപയോഗിക്കേണ്ടത്. നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് 3ml മണ്ണെണ്ണ ഉപയോഗിച്ചുണ്ടാകുന്ന മിശ്രിതത്തിന്റെ അളവാണ് പറയുന്നത്. ഇതിനുവേണ്ടി 3 ml മണ്ണെണ്ണയും, 10 ml ലിക്വിഡ് സോപ്പും ചേർത്ത് ഇളക്കുക. നിങ്ങൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് സോപ്പ് ഇതിനുവേണ്ടി ഉപയോഗിച്ചാൽ മതി. മണ്ണെണ്ണയും ലിക്വിഡ് സോപ്പും ചേർത്ത് ഇളക്കിയ ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി വൈകുന്നേരം സമയങ്ങളിൽ ചെടികളുടെ വെള്ളീച്ച ആക്രമണം കാണപ്പെടുന്ന ഇലയുടെ താഴെ അടിച്ചു കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ഉപയോഗിച്ചാൽ വെള്ളീച്ച ആക്രമണം പൂർണ്ണമായും ഇല്ലാതാകും. എല്ലാത്തരം വിളകളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
3. വെള്ളിച്ച ആക്രമണം ഇല്ലാതാക്കാൻ ചാരം ചെടികളുടെ ഇലയുടെ താഴെ വിതറുന്നത് നല്ലതാണ്. കൂടാതെ പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരു സ്പൂൺ വിറക് ചാരവും ഒരു സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി നാലുദിവസം ഇടവിട്ട് ഇലകളിൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്.
Discussion about this post