ഭക്ഷ്യയോഗ്യമായ പഴങ്ങളുള്ള ലെമൺ വൈൻ അതിമനോഹരമായ ഒരു അലങ്കാരസസ്യം കൂടിയാണ്. അമേരിക്കയിലെ ഉഷ്ണ പ്രദേശ സ്വദേശിയായ ലെമൺ വൈൻ ഇന്ന് കേരളത്തിലും പ്രസിദ്ധി നേടിക്കഴിഞ്ഞു. പെരെസ്‌കിയ അക്കൂലിയേറ്റ എന്നാണ് ലെമൺ വൈനിന്റെ ശാസ്ത്രനാമം. നെല്ലിക്കയോട് രൂപസാദൃശ്യമുള്ള പഴങ്ങളുള്ളതിനാൽ ഈ ചെടിയെ ബാർബഡോസ് ഗൂസ്ബെറി എന്നും വിളിക്കും. ലീഫ് കാക്റ്റസ്, റോസ് സ്റ്റാറ്റസ് എന്നിവ ക്യാക്റ്റെസി കുടുംബത്തിലുൾപ്പെട്ട ലെമൺ വൈനിന്റെ മറ്റു പേരുകളാണ്.
മുള്ളന്തണ്ടുകളുള്ള ലെമൺ വൈൻ പത്ത് മീറ്ററോളം ഉയരത്തിൽ പടർന്നു വളരുന്ന വള്ളി ചെടിയാണ്. ആകർഷകമായ സുഗന്ധമുള്ള വെളുത്ത പൂക്കൾ ധാരാളമായുണ്ടാകും. കുലകളായി പൂവിടുന്ന ലെമൺ വൈൻ ഉദ്യാനത്തിന് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല. ഒപ്പം പൂവുകൾ തേനീച്ചകളെ ആകർഷിക്കുകയും ചെയ്യും. അനേകം ചെറു വിത്തുകളുള്ള ഇവയുടെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പഴങ്ങളുണ്ട്. ലെമൺ വൈനിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ ഇലയിൽ 20 മുതൽ 30 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
നല്ലനീർവാർച്ചയും ജൈവാംശവുമുള്ള മണ്ണിലാണ് ലെമൺ വൈൻ നടേണ്ടത്. മണ്ണ്, മണൽ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ നടുന്നത് നല്ലതാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ ലെമൺ വൈൻ നടാം. വിത്തു മുളപ്പിച്ചും കമ്പുകൾ നട്ടും ലെമൺ വൈൻ വളർത്താം.
Discussion about this post