കുടംപുളിയിട്ടുവെച്ച മീൻകറി മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. കറികളുടെ സ്വാദ് ഇരട്ടിയാക്കുന്ന കുടംപുളിയുടെ ഔഷധ ഗുണങ്ങളും മേന്മകളും ഇന്ന് ലോകപ്രശസ്തമാണ്. പശ്ചിമഘട്ടതദ്ദേശവാസിയായ പിണം പുളി ഇന്ന് ഇൻ നാട്ടുകാർക്കും വിദേശികൾക്കും ഒരേപോലെ പ്രിയപ്പെട്ടതാണ്. വിദേശരാജ്യങ്ങളിൽ ദുർമേദസ്സ്, ക്യാൻസർ തുടങ്ങിയവയുടെ ചികിത്സയ്ക്കുള്ള ഔഷധ നിർമാണത്തിൽ കുടംപുളി ഉപയോഗിച്ച് വരുന്നുണ്ട്. പഴുത്ത കായകളുടെ സത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹൈഡ്രോക്സി സിട്രിക് അമ്ലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആയുർവേദത്തിൽ കഫം, അതിസാരം, വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും കുടംപുളി ചേരുവയാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ഗാർസീനിയ ഗ്യുമി-ഗട്ട എന്നാണ് കുടംപുളിയുടെ ശാസ്ത്രനാമം. മീൻ പുളി, പിണം പുളി, ഗോരക്ക പുളി, പിണർ, തോട്ടുപുളി എന്നിങ്ങനെ അനേകം പേരുകളുണ്ടിതിന്. കേരളത്തിൽ എവിടെയും നന്നായി വളരും.
12 മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണ് പിണർ. ആറു മുതൽ എട്ടു വരെ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന കായ്കളുടെ മാംസളമായ ആവരണത്തിനുള്ളിൽ എട്ടോളം വിത്തുകളുണ്ടാകും. പഴുക്കുമ്പോൾ കായകൾക്ക് മഞ്ഞനിറം കൈവരും. ഈ പഴങ്ങൾ കീറി ഉണക്കിയെടുക്കുമ്പോൾ ഇവയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കും. ഇതാണ് കറികളിൽ ഉപയോഗിക്കുന്നത്.
കുടംപുളിയ്ക്ക് ആൺമരങ്ങളും പെൺമരങ്ങളും വ്യത്യസ്തമായതിനാലും വിത്ത് മുളപ്പിച്ച തൈകൾ നട്ടാൽ കായ്ച്ചു കിട്ടാൻ 12 വർഷം വരെ എടുക്കുമെന്നതിനാലും ബഡ് ചെയ്ത തൈകൾ നടുന്നതാണ് നല്ലത്. അമൃതം, ഹരിതം എന്നിവയാണ് കുടംപുളിയുടെ പ്രധാന ഇനങ്ങൾ.
കാലവർഷാരംഭത്തോടെയാണ് തൈകൾ നടേണ്ടത്. കുഴികളിൽ കാലിവളവും കമ്പോസ്റ്റും മേൽമണ്ണുമായി ചേർത്തിളക്കി നിറച്ച് തൈകൾ നടാം. മൂന്നുമാസത്തിലൊരിക്കൽ ചുവട്ടിലെ കളകൾ നീക്കം ചെയ്ത് കരിയില കൊണ്ട് പുതയിടാം. ഒട്ടു തൈകൾ മൂന്നാം വർഷം മുതൽ കാഴ്ച തുടങ്ങും. സ്ഥായിയായ വിളവ് ലഭിക്കാൻ 12 മുതൽ 15 വർഷം വരെയെടുക്കും. കുടംപുളിയുടെ ഉയരം ക്രമീകരിക്കുന്നതിനായി കൊമ്പ് കോതുന്നത് നല്ലതാണ്. ജനുവരി-മാർച്ച് മാസങ്ങളിലാണ് കുടമ്പുളി പൂവിടുന്നത്. ജൂലൈ മാസത്തിൽ കായ്കൾ വിളവെടുക്കാൻ പാകമാകും. വർഷത്തിൽ രണ്ടുതവണ പൂക്കുന്ന ഇനങ്ങളുമുണ്ട്. ഇവ ജനുവരി – ജൂലൈ, സെപ്റ്റംബർ – ഫെബ്രുവരി എന്നിങ്ങനെയാണ് കായ്ക്കുന്നത്.
കുടംപുളിയുടെ സംസ്കരണം
വിളഞ്ഞുപഴുത്ത കായ്കൾ ശേഖരിച്ച് അവയുടെ ഉൾഭാഗം നീക്കി പുറംതോട് വെയിലത്തുണക്കിയെടുക്കാം. പിന്നീട് പുക കൊള്ളിച്ചോ 70 മുതൽ 80 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഓവനിൽ വച്ചോ ഒന്നുകൂടി ഉണക്കണം. പുളിക്ക് മൃദുത്വം ലഭിക്കുന്നതിന് ഉപ്പും വെളിച്ചെണ്ണയും ചേർത്തു വയ്ക്കാം. ഒരുകിലോഗ്രാം പുളിക്ക് 150 ഗ്രാം ഉപ്പും 50 മില്ലി ലിറ്റർ വെളിച്ചെണ്ണയുമാണ് വേണ്ടത്.
Discussion about this post