മാമ്പഴം ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പക്ഷെ മാമ്പഴം കഴിക്കണമെങ്കില്‍ സീസണാകണം. അതൊരു കാത്തിരിപ്പ് തന്നെയാണ്. എന്നാലിതാ ഏത് സീസണിലും ലഭിക്കുന്ന ഒരു മാമ്പഴം വികസിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു കര്‍ഷകന്‍. 55കാരനായ ശ്രീകിഷന്‍ സുമനാണ് സദബാഹര്‍ മാമ്പഴത്തിന്റെ കുള്ളന്‍ ഇനം വികസിപ്പിച്ചെടടുത്തത്. വര്‍ഷം മുഴുവന്‍ വിളവ് തരുമെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ രോഗപ്രതിരോധ ശേഷി നല്‍കുന്നതുമാണ് ഈ മാമ്പഴം.
ഈ മാവിന്‍ തൈയ്ക്കായി 2017 മുതല്‍ രാജ്യത്തും പുറത്തും നിന്ന് 8000ത്തിലധികം ഓര്‍ഡറുകള്‍ ശ്രീകിഷന്‍ സുമന് ലഭിച്ചിട്ടുണ്ട്. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 6000 ലധികം തൈകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ത്രിപുര, ഒഡീഷ, എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങിയ ആളാണ് ശ്രീകിഷന്‍. പൂന്തോട്ടപരിപാലനമായിരുന്നു ഇഷ്ടമേഖല. അദ്ദേഹത്തിന്റെ കുടുംബത്തിന് ആ സമയം ഗോതമ്പിന്റെയും നെല്ലിന്റെയും കൃഷിയായിരുന്നു. കുടുംബത്തിന് താങ്ങാകാന്‍ അദ്ദേഹം പുഷ്പകൃഷി തുടങ്ങി. വിവിധയിനം റോസ് വളര്‍ത്തി. ഇതിനിടെ മാവും വളര്‍ത്താന്‍ തുടങ്ങി. 2000ത്തിലാണ് ഒരു മാവിന്റെ വളര്‍ച്ചയിലെ പ്രത്യേകത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് വര്‍ഷം മുഴുവന്‍ പൂത്തുനില്‍ക്കുന്നതും ശ്രദ്ധിച്ചു. ഈ മരത്തില്‍ നിന്ന് അഞ്ച് ഗ്രാഫ്റ്റുകള്‍ തയ്യാറാക്കി. ഗ്രാഫ്റ്റ് ചെയ്ത തൈ വളരാനും രണ്ടാം വര്‍ഷം മുതല്‍ ഫലം ലഭിക്കാനും ആരംഭിക്കുകയായിരുന്നു.
നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍(എന്‍ഐഎഫ്) ഈ നൂതന മാവിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് എന്‍ഐഎഫ്. രാജസ്ഥാനിലെ ജോബ്‌നറിലെ എസ്‌കെഎന്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഫീല്‍ഡ് ടെസ്റ്റിംഗ് നടത്തിയതാണ്.ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ കുള്ളന്‍ സദബഹാര്‍ മാവ് നട്ടുപിടിപ്പിക്കുന്നതിന് എന്‍ഐഎഫ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Discussion about this post