കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരികയാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ആരോഗ്യപ്രദമായ ഭക്ഷണശീലം ഉറപ്പാക്കാനും ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താനും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പോഷകസമൃദ്ധി മിഷൻ ആരംഭിക്കുന്നു. ആരോഗ്യപ്രദമായ ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന ഈ പദ്ധതി ഉടനെ നടപ്പാക്കുമെന്ന് കാർഷിക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
ഒരു വ്യക്തിക്ക് ആവശ്യമായ പോഷകാംശങ്ങൾ സ്വന്തം വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭ്യമാക്കുവാൻ ഈ പദ്ധതി എല്ലാവർക്കും സഹായകമാകും. പച്ചക്കറി,കിഴങ്ങ് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവ ഓരോ വീട്ടിലും ഉറപ്പുവരുത്താൻ കൃഷിവകുപ്പ് മുന്നിട്ടിറങ്ങുകയാണ്. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെ ഏകോപനം പദ്ധതിക്ക് ഗുണമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഓരോ വീടിനും ആവശ്യമായ പച്ചക്കറികൾ, വിവിധതരം കിഴങ്ങ് വർഗ്ഗങ്ങൾ,പഴങ്ങൾ എന്നിവ കൃഷി ചെയ്യുവാൻ വേണ്ട എല്ലാ സഹായ പദ്ധതികളും കൃഷിഭവൻ വഴി ലഭ്യമാകും. ഫ്ലാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയ്ക്ക് പുറമേ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളെയും പദ്ധതിയിൽ അംഗങ്ങൾ ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകളിലും സ്ഥാപനങ്ങളിലും വിത്തുകളും തൈകളും തയ്യാറാക്കുന്നതാണ്. ഏതൊക്കെ വിളകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്ന് ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
Discussion about this post