തിരുവനന്തപുരം : കാർഷികമേഖയ്ക്ക് ആശ്വാസമായി കോവിഡ് കാലത്തെ ബജറ്റ്. കാർഷിക മേഖലയിലെ രണ്ടു ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരിക്കുന്നത്. തരിശുരഹിത കേരളമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കുന്നുണ്ട്. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ മൂന്നു ലക്ഷം സ്ത്രീകളാണ് പണിയെടുക്കുന്നത്. 21-22 വർഷത്തിൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കുന്നതിനൊപ്പം അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും.
റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി. നെല്ലിൻെറ സംഭരണ വില 28 രൂപയാക്കിയിട്ടുണ്ട്. നാളികേരത്തിൻെറ സംഭരണ വില 27 രൂപയിൽ നിന്ന് 32 രൂപയാക്കി ഉയർത്തി. കാർഷിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തും. കയർ, കശുവണ്ടി മേഖലയിൽ അധിക സഹായത്തിനൊപ്പം ഭക്ഷ്യ സബ്സിഡിയായി 1600 കോടി രൂപയും അനുവദിക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്കാണ് തൊഴിൽ നൽകുക. കൂടാതെ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. ഇതിന്റെ പലിശ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.
ബജറ്റ് പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിയെ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമർശിച്ചു. കർഷകരുടെ സമരം ഐതിഹാസികമെന്നും കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വയ്ക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
Discussion about this post