എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. സംസ്കൃതത്തിൽ കുമാരി എന്നറിയപ്പെടുന്നു. വേറിട്ട രൂപഭംഗി കറ്റാർവാഴയെ ഒരു നല്ല ഉദ്യാന സസ്യമാക്കി മാറ്റുമ്പോൾ ഔഷധഗുണങ്ങൾ ഈ സസ്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. 80 സെന്റിമീറ്ററോളം ഉയരത്തിൽ കറ്റാർവാഴ വളരും. ജലാംശം നിറഞ്ഞ് വീർത്ത കറ്റാർവാഴയുടെ ഇലകൾ അല്ലെങ്കിൽ പോളകൾക്ക് പലവിധ ഉപയോഗങ്ങളുണ്ട്.
ഇലകളിലെ ജെല്ലിൽ മ്യൂക്കോപോളിസാക്ക്റൈഡുകൾ, ജീവകങ്ങൾ, അമിനോ അമ്ളങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്
വ്യാവസായിക വിപണി കീഴടക്കിയ ഔഷധസസ്യങ്ങളിൽ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ അടങ്ങിയ പലവിധ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആരോഗ്യ പാനീയങ്ങൾ, മോയിസ്ചറൈസറുകൾ, ക്ലെൻൻസറുകൾ, സോപ്പ്, ലേപനങ്ങൾ, സ്കിൻ ടോണറുകൾ, സൺസ്ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പോകുന്നു കറ്റാർവാഴ ഉൽപ്പന്നങ്ങളുടെ നീണ്ട ലിസ്റ്റ്.
ചർമ്മ സംരക്ഷണത്തിന് ഉത്തമ ഔഷധമാണിത്. സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ നീരും കസ്തൂരി മഞ്ഞളും ചേർത്ത് യോജിപ്പിച്ച് പുരട്ടാം. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറാൻ കറ്റാർവാഴ നീര് ഉപയോഗിക്കാം.കറ്റാർ വാഴ ജെൽ ചർമത്തെ മോയ്ച്ചറൈസ് ചെയ്ത് തിളക്കം നിലനിർത്തും. കേശസംരക്ഷണത്തിന് കറ്റാർവാഴജെൽ ഏറെ നല്ലതാണ്.മൗത്ത് വാഷായും ഇത് ഉപയോഗിക്കാറുണ്ട്.
പല ആയുർവേദ ഹോമിയോ ഔഷധങ്ങളിലും കറ്റാർവാഴ ജെൽ ചേരുവയായി ഉപയോഗിക്കുന്നുണ്ട്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവും കറ്റാർവാഴക്കുണ്ട്. നല്ല ഒരു ആന്റിഓക്സിഡന്റു കൂടിയാണിത്.
കൃഷിരീതി
കറ്റാർവാഴ ചെടിയുടെ ചുവട്ടിൽ നിന്നും മുളച്ചു വരുന്ന സക്കറുകൾ നടാനായി ഉപയോഗിക്കാം നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളിലാണ് കറ്റാർവാഴ നടേണ്ടത്, വരികൾ തമ്മിൽ 45 സെന്റീമീറ്ററും ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും അകലം പാലിക്കാം. നന്നായി ജൈവവളം ചേർത്ത മണ്ണിൽ നട്ടാൽ കറ്റാർവാഴ തഴച്ചു വളരും.
ഒരു മാസം കഴിയുമ്പോൾ മുതൽ വിളവെടുക്കാം ചെടിചുവട്ടിൽ നിന്നാണ് പോളകൾ ശേഖരിക്കേണ്ടത്. ഓരോ വിളവെടുപ്പിനുശേഷവും ചുവട്ടിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ മൂന്ന് കൊല്ലം വരെ രണ്ടുമാസത്തെ ഇടവേളകളിൽ വിളവെടുക്കാനാകും.
Discussion about this post