ചങ്ങനാശ്ശേരിക്കടുത്തു തൃക്കൊടിത്താനം കുറ്റിക്കാട്ട് വീട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്ന ജോസഫേട്ടൻ കാർഷിക മേഖലയിലേക്ക് ഇറങ്ങിയിട്ട് വര്ഷം 50 കഴിഞ്ഞു . . ഒരു തൊഴിലിനപ്പുറം കൃഷിയോടുള്ള സ്നേഹവും ആത്മബന്ധവുമാണ് എഴുപതാം വയസിലും കൂടുതൽ ഉർജ്ജസ്വലനായി തന്റെ കൃഷിയിൽ മുന്നേറാൻ ഇദ്ദേഹത്തെ സഹായിക്കുന്നത് .
നെൽകൃഷിയിലായിരുന്നു തുടക്കം. പിന്നീട് പച്ചക്കറി കൃഷിയും ആരംഭിച്ചു. ഇപ്പോൾ രണ്ടേക്കർ ഭുമിയിൽ സംയോജിത കൃഷി ചെയ്യുകയാണ് ജോസഫേട്ടൻ .വാഴ, പച്ചക്കറി, മത്സ്യ കൃഷി, കോഴി,പശു, ഫല വൃക്ഷങ്ങൾ അങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളെല്ലാം ജോസെഫേട്ടന്റെ പുരയിടത്തിലുണ്ട്.
എത്തൻ, പൂവൻ, റോബസ്റ്റ, കൈരളി പൂവൻ എന്നിങ്ങനെ വിവിധ ഇനം വാഴകളുണ്ട് ഒപ്പം ചേന, ചേമ്പ്, ചീര, ജാതി, കൊക്കോ, തെങ്ങ് എന്നിങ്ങനെയുള്ള വിളകളുമുണ്ട്. സിലോപ്പിയ, കാരി എന്നിവയാണ് മത്സ്യ കുളത്തിലെ താരങ്ങൾ. കൂടാതെ മൂന്ന് പശുക്കളും കരിങ്കോഴിയും പാലക്കാടൻ നാടൻ താറാവുമെല്ലാം ഈ സംയോജിത കൃഷിയുടെ ഭാഗമാണ്. പശുക്കൾക്കാവശ്യമായ തീറ്റപ്പുല്ലും ഇവിടെതന്നെ കൃഷി ചെയ്യുന്നുണ്ട്. ചെറിയ കൂടുകളിൽ ചെറുതേനീച്ചയും വളർത്തുന്നു.
വീടിനോടു ചേർന്ന് ഫലവൃക്ഷങ്ങളായ റംബൂട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോട്ട, പ്ലാവ് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ അപൂർവ ഔഷധ സസ്യങ്ങളായ ചങ്ങലം പരണ്ട, ചിറ്റഅമൃത്, രുദ്രാക്ഷം, നോനി തുടങ്ങിയവയുമുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജോസഫ് സെബാസ്റ്റ്യൻ തൃക്കൊടിത്താനത്തെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ഒപ്പം കൃഷിഭവനിൽ നിന്നും മികച്ച സാങ്കേതിക സഹായവും ലഭിക്കുന്നുണ്ടെന്നും ഈ കർഷകൻ വ്യക്തമാക്കുന്നു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബവും കൃഷിയിൽ എല്ലാ പിന്തുണകളും നൽകി ജോസെഫേട്ടനോടൊപ്പമുണ്ട്.
Discussion about this post