മലയാളത്തിൽ കാർഷിക മാധ്യമ പ്രവർത്തനമെന്ന ഈ ആശയത്തിന്റെ അമരക്കാരനാണ് ആർ ഹേലി .വയലും വീടും, നാട്ടുമ്പുറം, കേരള കർഷകൻ എന്നീ പേരുകൾ മലയാളിക്ക് സുപരിചിതമാണ്. കൃഷിയറിവുകളും കാർഷികരംഗത്തെ വിജയഗാഥകളും കൃഷി സ്നേഹികൾക്ക് മാധ്യമങ്ങളിലൂടെ പകർന്നുനൽകുന്ന സംസ്കാരത്തിന്റെ തുടക്കം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. . കൃഷിയറിവിന്റെ വെളിച്ചം ഓരോ കർഷകനിലേക്കുമെത്തിക്കുന്നതിന് മാധ്യമ രംഗത്തുള്ള സാധ്യതകൾ മനസ്സിലാക്കിയാണ് ആകാശവാണിയിൽ വയലും വീടും ദൂരദർശനിൽ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് അദ്ദേഹം തുടക്കമിട്ടത്. മലയാള ദിനപത്രങ്ങളിലെ കാർഷികരംഗം ജനകീയമാക്കുന്നതിൽ ആർ. ഹേലി വഹിച്ച പങ്ക് വളരെ വലുതാണ്.
ബെംഗളൂരുവിലെ കാർഷിക കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിലെ ജൂനിയർ ഓഫീസറായിട്ടാരുന്നു തുടക്കം. ഒടുവിൽ കൃഷി ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. കേരളത്തിന്റെ കാർഷിക നയരൂപീകരണ സമിതിയിലെ അംഗമായിരുന്നു ആർ ഹേലി.
കേരള കർഷകൻ എന്ന കൃഷിമാസികയും അതിലൂടെ ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന സ്ഥാപനത്തിനും തുടക്കം കുറിച്ച ആർ ഹേലി കേരളത്തിലെ ഫാം ജേണലിസത്തിന്റെ ഉപജ്ഞാതാവാണ്. 1969- 83 കാലഘട്ടങ്ങളിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു അദ്ദേഹം. ഒപ്പം കേരളകർഷകൻ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ആറായിരത്തിലേറെ കൃഷി ലേഖനങ്ങളും ഇംഗ്ലീഷ് മലയാളം ഭാഷകളിൽ അനേകം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കാർഷിക പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ബഹുമതിയായ കർഷക ഭാരതി ആദ്യമായി ഏറ്റുവാങ്ങിയതും ഈ കൃഷി വിദഗ്ധൻ തന്നെ.
പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കാർഷികരംഗത്തെ സൂര്യപ്രഭ തന്നെയായിരുന്നു ആർ ഹേലി. അര നൂറ്റാണ്ടിലേറെകാലത്തെ സേവനങ്ങൾക്ക് ശേഷം ഹൃദ്രോഗ ബാധയെ തുടർന്ന് അദ്ദേഹം ലോകത്തോടും കൃഷിയോടും കർഷകരോടും വിടപറഞ്ഞു. 86 വയസ്സായിരുന്നു. ആറ്റിങ്ങലിലെ വസതിയായ പേൾ ഹില്ലിലാണ് അന്ത്യവിശ്രമം. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി. എം. രാമന്റേയും ഭാരതിയുടെയും മകനാണ് ആർ ഹേലി. ആരോഗ്യവകുപ്പ് റിട്ടയർ സീനിയർ സിവിൽ സർജൻ ഡോക്ടർ സുശീല യാണ് ഭാര്യ.
Discussion about this post