കൃഷി ചെയ്യാന്‍ വിശാലമായ സ്ഥലം വേണമെന്നൊന്നുമില്ല. ഗ്രോ ബാഗിലോ ,ചാക്കിലോ വരെ കൃഷി ചെയ്തു തുടങ്ങാം. ഒരു തോരന്‍ വെക്കാനുള്ള സാധനങ്ങള്‍ പോലും കൃഷി ചെയ്യാന്‍ ഇവിടെ സ്ഥലമില്ല. മിക്ക വീട്ടമമ്മാരുടെയും പരാതിയാണിത്. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നത്. ഗ്രോ ബാഗില്‍ കൃഷി ചെയ്തു ഇതിന് പരിഹാരം കണ്ടെത്താം എന്നു എല്ലാവര്‍ക്കും അറിയാം.എങ്കിലും പലരും പറഞ്ഞു പഴകിയ പരാതി ആവര്‍ത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണം എങ്ങനെ കൃഷി ചെയ്യണം എന്നറിയാത്തത് തന്നെയാണ്.
വെറും നിലത്ത് നടുന്നപോലെയല്ല ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത്. അതിനു ശ്രദ്ധയും പരിചരണവും ഒരുപോലെ ആവശ്യമാണ്. ഒപ്പം വളപ്രയോഗത്തിലും ശ്രദ്ധ വേണം. ഇല്ലെങ്കിൽ നട്ടത് മുഴുവന്‍ നശിച്ചുപോകും. ടെറസിലാണ് ഗ്രോബാഗ് വെച്ചിരിക്കുന്നതെങ്കിൽ രാസവളമിടുന്നതോടെ ടെറസിനും കേടുവരും.അതിനാല്‍ രാസവളവും കീടനാശിനിയും ടെറസിലെ ഗ്രോബാഗ് കൃഷിയിൽ നിന്നു ഒഴിവാക്കുന്നതാണ് ഉത്തമം.
കൃഷി തുടങ്ങി ആദ്യ രണ്ടാഴ്ച (വിത്ത് മുളച്ചു തൈ ആകുന്ന സമയം) വളപ്രയോഗം ചെയ്യേണ്ടതില്ല. ഈ സമയം കൃത്യമായി നനച്ച് ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ചുകൊടുക്കാവുന്നതാണ് (സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലാകണം).ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കരിയിലകൂടി ചേർക്കുന്നതും നല്ലതാണ്. കരിയില സാവധാനം പൊടിഞ്ഞ് മണ്ണോടുചേര്‍ന്ന് ചെടിക്ക് വളമാകും.ഒപ്പം ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളമായി.
ഫിഷ് അമിനോ ആസിഡ് പോലെ ദ്രവരൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരുതവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും ഇലകളില്‍ തളിച്ചും കൊടുത്തും പരിപാലിക്കാവുന്നതാണ്. ചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) എന്നിവ അടങ്ങിയവയാണ് കടലപ്പിണ്ണാക്ക്. ഇവയില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്കുകൂടി ചേര്‍ത്തുപൊടിച്ച് അൽപം മണ്ണ് മാറ്റി ഇടാവുന്നതാണ്.ശേഷം മണ്ണിട്ടു മൂടാം.ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
Content summery : Grow bag farming tips
Discussion about this post