ലെഗുമിനോസേ (ഫാബോസീ) സസ്യകുടുംബത്തിലെ ഉപകുടുംബമായ പാപ്പിലിയോണേസീ കുടുംബത്തില്‍പ്പെട്ട ചെറിയ മരമാണ് അഗസ്തി. ചീര വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും ഇതിന് വിളിപ്പേരുണ്ട്.
അഗസ്തി നാല് തരമുണ്ട്. സാധാരണ കാണപ്പെടുന്നത് വെളുത്തപൂവുള്ളതും ചുവന്ന പൂവുള്ളതുമാണ്. സ്വാഭാവികമായും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അഗസ്തി കാണപ്പെടുന്നത്. എന്നാല്‍ ദീര്‍ഘമായ വരള്‍ച്ചയും തണലും അഗസ്തിക്ക് സഹിക്കാന്‍ കഴിയില്ല. ഇലകള്‍ ഒന്നിച്ചുപൊഴിക്കാറില്ല. തെക്കേ ഇന്ത്യയിലും ഗംഗാതീരത്തും ബംഗാളിലും അഗസ്തി ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലും വെറ്റിലക്കൊടി, കുരുമുളക് കൊടി മുതലായവന പടര്‍ത്താനും തണല്‍വൃക്ഷമായും അഗസ്തി നട്ടുവളര്‍ത്തുന്നു.
അഗസ്തിവിത്തുകള്‍ 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പാകി മുളപ്പിച്ച് 40 ദിവസത്തിനുള്ളില്‍ പറിച്ചുനടാവുന്നതാണ്. ഒരടി ആഴത്തിലും ഒന്നരയടി സമചതുരത്തിലും തയ്യാറാക്കിയ കുഴികളില്‍ ഉണക്കിയ ചാണകപ്പൊടിയോ ജൈവവളമോ മണലുമായി ചേര്‍ത്ത മിശ്രിതം നിറച്ച് തൈകള്‍ നടാം.തമ്മില്‍ 5 അടി അകലമുണ്ടാകുന്നത് നല്ലതാണ്. 3 മാസം വരെ തൈകള്‍ക്ക് മിതമായി വെള്ളം ഒഴിക്കേണ്ടതാണ്. മൂപ്പെത്തിയ മരങ്ങള്‍ 10 വര്‍ഷം വരെ സമൃദ്ധമായി വളരുന്നതാണ്. മരങ്ങള്‍ ക്ഷയിച്ച് തുടങ്ങുമ്പോള്‍ വെട്ടി വേരും മരപ്പട്ടയും ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
അഗസ്തിയുടെ മുളപ്പിച്ച വിത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, തയാമിന്‍, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്, ലോഹാംശം, വിറ്റാമിന്‍ എ,ബി,സി റിബോഫ്‌ളേവിന്‍, ഫോളിക് ആസിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. പാലില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം ലോഹാംശം അഗസ്തിയില്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ളത് അഗസ്തിയിലാണ്.
Discussion about this post