ഇന്ത്യയിലുടനീളം ഇലപൊഴിയും ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും കണ്ടുവരുന്ന ചെറു മരമാണ് ദന്തപ്പാല. വെട്ടുപാല, ഐവറി വുഡ് എന്നീ പേരുകളിലും ദന്തപ്പാല അറിയപ്പെടുന്നുണ്ട്. റൈറ്റിയ റ്റിംക്ടോറിയ എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ശ്വേതകുടജ എന്നറിയപ്പെടുന്നു.
ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ചൊറിച്ചിലും വ്രണങ്ങളും ചേർന്നുള്ള സോറിയാസിസിനെതിരെ ഫലപ്രദമായ മരുന്നായി ദന്തപ്പാല ഉപയോഗിക്കുന്നുണ്ട്. താരൻ, അകാലനര എന്നിവയ്ക്കും ദന്തപ്പാല നല്ല മരുന്നാണ്.
5 മുതൽ 10 മീറ്റർവരെ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരമാണ് ദന്തപ്പാല. വെള്ള നിറത്തിലുള്ള പൂക്കളുണ്ട്. ഒരു പൂവിൽ നിന്നും അഗ്രം ഒട്ടിച്ചേർന്ന രീതിയിലുള്ള രണ്ട് കായ്കൾ ഉണ്ടാകുമെന്നതും ദന്തപ്പാലയുടെ പ്രത്യേകതയാണ്. പശ്ചിമഘട്ടനിരകൾ, ഗുജറാത്ത്, ഡെക്കാൻ, എന്നിവിടങ്ങളിലാണ് ദന്തപ്പാല കാണപ്പെടുന്നത്. കേരളത്തിൽ സാധാരണയായി കാണാറില്ലെങ്കിലും പീച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ധാരാളമായി വളരുന്നുണ്ട്.
ദന്തപ്പാലയുടെ ഇലയും പട്ടയും വിത്തും ഔഷധയോഗ്യമാണ്. ഇലകളിൽ അമിനോ ആസിഡുകൾ, ഫ്ലാവനോയിടുകൾ, ലൂപിയോൾ, സ്റ്റെറോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ മൂത്ത് പഴുത്ത കായ്കൾ പറിച്ചെടുത്ത് അതിൽ നിന്നും വിത്ത് ശേഖരിച്ച് തൈകൾ തയ്യാറാക്കാം.
Discussion about this post