തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസംഘങ്ങളിലൂടെ കൂടുതൽ കാർഷികവായ്പകൾ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. നിലവിൽ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാർഷികവായ്പയായി സഹകരണസംഘങ്ങൾ നൽകുന്നത്. ഇത് 40 ശതമാനമായി ഉയർത്തും. കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപത്തിന് വഴി തെളിക്കുന്നതാണ് നീക്കം.
ആദ്യഘട്ടത്തിൽ 25 ശതമാനമായും രണ്ടാം ഘട്ടത്തിൽ 40 ശതമാനമായും ഉയർത്താനാണ് പദ്ധതിയെന്ന് സംസ്ഥാന
സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക മേഖലയിൽ സഹകരണ ബാങ്കുകളുടെ ഇടപെടൽ സാധ്യതകൾ സംബന്ധിച്ച് തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇൻ ഗവേണൻസിൽ ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ സംഘങ്ങൾ വഴി കാർഷിക വായ്പകൾ കൂടുതലായി ലഭ്യമാക്കുന്നതോടെ ലഘുവായ നടപടിക്രമങ്ങളിലൂടെ കൃഷിക്കാവശ്യമായ മൂലധനം ഉറപ്പിക്കാൻ കർഷകർക്കാകും. നവസംരംഭകരെ കൃഷിയിലേക്ക് ആകർഷിക്കാനും ഇതിലൂടെ കഴിയും.
സർക്കാർ ആവിഷ്കരിക്കുന്ന സഹകരണ നയത്തിലൂടെയാകും പദ്ധതി നടപ്പിലാക്കുക. നിലവിൽ കാർഷിക ഉല്പാദനത്തിനാണ് പ്രധാനമായും കാർഷികവായ്പ ലഭ്യമാക്കുന്നത്. ഇതു കൂടാതെ കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിനുമുള്ള വായ്പാ പദ്ധതികളും ആവിഷ്‌കരിക്കും.
ഓരോ ജില്ലയുടെയും പ്രത്യേക കാർഷിക വിളകളുടെ ഉല്പാദനത്തിനും വിപണനത്തിനുമായി സഹകരണ സംഘങ്ങൾ മുഖേന പ്രത്യേക പദ്ധതി തയ്യാറാക്കാനും ആലോചനയുണ്ട്. കാർഷിക മേഖലയിൽ സഹകരണ സംഘങ്ങൾ സജീവമാകുന്നതോടെ ഉൽപാദനത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Discussion about this post