എട്ടുവര്‍ഷമായി സി.പി.സി.ആര്‍.ഐ.യില്‍ നടത്തിയ ഗവേഷണങ്ങളില്‍ രാസകീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ തെങ്ങുകൃഷി സുസ്ഥിര കേരോത്പാദനം ലഭ്യമാക്കുന്ന വിധത്തില്‍ നടത്താമെന്ന് തെളിഞ്ഞു. ജൈവകൃഷി അനുവര്‍ത്തിച്ച പശ്ചിമതീര നെടിയയിനം തെങ്ങില്‍നിന്ന് പ്രതിവര്‍ഷം 93 നാളികേരവും ഡി X ടി സങ്കരയിനത്തില്‍ നിന്ന് 123 നാളികേരവും ലഭിച്ചു. ജൈവകൃഷിരീതിയുടെ ഗുണഫലങ്ങള്‍ കൊപ്രയുടെ അളവിലും ദൃശ്യമാണ്. ഡി X ടി ഇനത്തില്‍ ഹെക്ടറൊന്നില്‍ നിന്ന് 4.01 ടണ്‍ കൊപ്രയും പശ്ചിമതീര നാടന്‍ ഇനത്തില്‍ 3.04 ടണ്‍ കൊപ്രയും ജൈവകൃഷിത്തോട്ടത്തില്‍ ലഭിച്ചു. ദേശീയശരാശരി 0.9 ടണ്‍ കൊപ്രമാത്രമാണ്.
തെങ്ങിന്‍തടത്തില്‍ മണ്ണിരക്കമ്പോസ്റ്റ് തയ്യാറാക്കാന്‍, ജീവാണുവളങ്ങളായ അസോസ്പിരില്ലം, ഫോസ്ഫോ ബാക്ടീരിയ എന്നിവ ചേര്‍ക്കല്‍, പ്യൂറേറിയ എന്ന പച്ചിലവളം തെങ്ങുകള്‍ക്കിടയില്‍ വളര്‍ത്തല്‍, ശീമക്കൊന്ന അതിരുകളില്‍ വളര്‍ത്തല്‍, തെങ്ങുകള്‍ക്ക് കണികാജലസേചനം തുടങ്ങിയ വിളപരിപാലനരീതികള്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയ്ക്ക് കാരണങ്ങളാണ്. ജൈവകൃഷി രീതിയില്‍ പരിപാലിക്കുന്ന തെങ്ങുകളില്‍നിന്നുള്ള ഇളനീരിന് ഭേദപ്പെട്ട രുചിയുണ്ട്. ജൈവകൃഷിത്തോട്ടത്തില്‍ മണ്ണിന്റെ ഭൗതിക-രാസിക-ജൈവിക സ്വഭാവങ്ങള്‍ മെച്ചപ്പെടുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. ജൈവകൃഷി രീതിയില്‍ പരിപാലിച്ച തെങ്ങുകള്‍ക്ക് കാര്യമായ കീടരോഗബാധയുണ്ടായില്ല. അന്തര്‍ദേശീയ വിപണിയില്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച നാളികേരോത്പന്നങ്ങള്‍ക്ക് ഉയര്‍ന്നവില ലഭിക്കാന്‍ സാധ്യതയുണ്ട്. പുറമേനിന്ന് വിലകൊടുത്തുവാങ്ങേണ്ട ഉത്പാദനോപാധികളെ അധികം ഉപയോഗിക്കാതെ കൃഷിയിടങ്ങളിലും പരിസരങ്ങളിലും ലഭ്യമായ വിഭവങ്ങളുപയോഗിച്ചുള്ള പ്രകൃതിസൗഹൃദ ജൈവകൃഷിരീതികള്‍ കേരളകര്‍ഷകര്‍ക്ക് എളുപ്പത്തില്‍ അനുവര്‍ത്തിക്കാം.
ഇളനീരിന്റെ സൂക്ഷിപ്പുകാലയളവ് മെച്ചപ്പെടുത്തുന്നതിനുള്ള പ്രോജക്ട്, തെങ്ങിന്റെ ഒരു പ്രധാന കീടശത്രുവായ ചെമ്പന്‍ ചെല്ലിക്കെതിരെയുള്ള ഫിറമോണ്‍ സൈനര്‍ജിസ്റ്റുകളുമായി ബന്ധപ്പെട്ട പഠനം, തെങ്ങിന്‍തോപ്പിലെ മണ്ണുജല സംരക്ഷണവും ജലസംഭരണവും സംബന്ധിച്ച കര്‍ഷകപങ്കാളിത്ത ഗവഷേണപദ്ധതി, ജലതുരങ്കങ്ങളില്‍ വെള്ളത്തിന്റെലഭ്യത വര്‍ധിപ്പിക്കുന്ന രീതികളുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതി, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദൂഷ്യഫലങ്ങള്‍ മറികടക്കുന്നതിന് അനുയോജ്യമായ കാര്‍ഷികമുറകളുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്ക് ഗവേഷണപദ്ധതി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കണം.
തെങ്ങിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കല്‍, വിപണനം കാര്യക്ഷമമാക്കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാളികേര മൂല്യശൃംഖല പ്രോജക്ട് നടപ്പാക്കാന്‍ ശ്രമിക്കണം..
തെങ്ങിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കൂടുതല്‍ വരുമാനം ലഭ്യമാക്കാനായി മണ്ണിന്റെ ആരോഗ്യപരിപാലനം, ഇടവിളക്കൃഷി, സംയോജിതകീടരോഗനിയന്ത്രണം തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃഷിയിടങ്ങളില്‍ നടപ്പാക്കണം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post