തെങ്ങിന് തോപ്പ് എന്നത് തെങ്ങിന്റെ കൃഷിയില്‍ മാത്രം ഒതുക്കേണ്ടതായ ഒന്നല്ല. തെങ്ങ് കൃഷിയെ പുരയിടക്കൃഷി എന്നാണ് വിശേഷിപ്പിക്കാറ്. അതായത് ഒരു തെങ്ങിന്‍ തോപ്പില്‍ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതായ എല്ലാം തന്നെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കാം എന്ന് അര്‍ഥം. തെങ്ങിന്‍ തോപ്പ് ഒരുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
തെങ്ങിന് വളരെയധികം സൂര്യപ്രകാശം ആവശ്യമുള്ള ഒരു വിളയാണ് എന്ന് അറിയാമല്ലോ. തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തുള്ള ആവശ്യമില്ലാത്ത വൃക്ഷങ്ങള്‍ എല്ലാം ഒഴിവാക്കുക. അവ നിലനിര്‍ത്തിയാല്‍ തന്നെ പിന്നീട് അവ തെങ്ങിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകില്ല എന്ന് ഉറപ്പ് വരുത്തണം. അടുത്തതായി തെങ്ങ് വയ്ക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കണം. ഇല്ലായെങ്കില്‍ അത് തെങ്ങിന്റെ വളര്‍ച്ചയെയും, വിളവിനെയും ബാധിക്കുന്നത് പോലെ തന്നെ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഇടവിളകള്‍ കൃഷി ചെയ്യുവാന്‍ സാധിക്കുകയും ഇല്ല. ഉയരമുള്ള തെങ്ങുകള്‍ കൃഷി ചെയ്യുമ്പോള്‍ ഏഴ് മീറ്റര്‍ എങ്കിലും അകലം പാലിക്കുവാന്‍ ശ്രമിക്കുക. കുള്ളന്‍ തെങ്ങുകള്‍ ആണെങ്കില്‍ അത് ആറ് മീറ്റര്‍ മതിയാകും. അതുപോലെ തെങ്ങിലെ മികച്ചയിനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുക.
തെങ്ങിന്‍ തോപ്പിലെ ഇടവിളകള്‍ വളരെ അത്യാവശ്യം ആയ ഒന്ന് തന്നെയാണ്. തെങ്ങുകള്‍ തമ്മില്‍ നിശ്ചിതമായ അകലം പാലിക്കാതെ ഇടവിളകളെ ഒഴിവാക്കിയാല്‍ അത് ഒരു ബുദ്ധിമോശം തന്നെയാകും. കാരണം കൂടുതല്‍ വയ്ക്കുന്ന തെങ്ങില്‍ നിന്നുള്ള വരുമാനത്തില്‍ കൂടുതല്‍ നമുക്ക് ഇടവിളകളില്‍ നിന്നും ലഭിക്കും. മാത്രവുമല്ല നമുക്ക് ആവശ്യമുള്ളത് പലതും സ്വന്തമായി കൃഷി ചെയ്യുകയും ചെയ്യാം. അതിലുമുപരി ഇടവിളകളുടെ അവശിഷ്ടം തെങ്ങിന് നല്ല ഒരു വളമായി മാറുകയും ചെയ്യും. അത് നമ്മള്‍ പ്രതീക്ഷിക്കാതെ കിട്ടുന്ന നല്ല ഒരു വളപ്രയോഗവും ആകും.
തെങ്ങിന്‍ തോപ്പിലെ ഇടവിളകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോള്‍ തീറ്റപ്പുല്‍ കൃഷി. തീറ്റപ്പുല്‍ കൃഷിയിലൂടെ കാലിവളര്‍ത്തല്‍ സാധ്യമാകും. കാലികളുടെ വിസര്‍ജ്യവും ,മൂത്രവും നല്ലൊരു ജൈവവളമായി തെങ്ങുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.കാലി വളര്‍ത്തല്‍ കൊണ്ട് ഉണ്ടാകുന്ന വരുമാനം വേറെയും.ഒന്നും ഇല്ലെങ്കിലും തീറ്റപ്പുല്ലും നല്ല ഒരു പച്ചിലവളമായി ഉപയോഗിക്കാം. ഒരു കൃഷിയുടെ അവശിഷ്ടം മറ്റൊരു കൃഷിക്ക് വളമായി ഉപകരിക്കുന്ന സംയോജിത കൃഷി രീതികള്‍ വേണം ഇനി അവലംബിക്കുവാന്‍. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഇതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒരു വസ്തുവും വെയ്സ്റ്റ് ആയി കളയുവാന്‍ ഇടവരരുത്.
അതുകൊണ്ട് ചെറിയ പ്ലാനിങ് എടുത്തുകൊണ്ട് ഇടവിളകൃഷികള്‍ക്ക് തുടക്കം കുറിക്കുക. തെങ്ങിന്‍ തോപ്പില്‍ ഒന്നോ രണ്ടോ മീന്‍കുളം തയ്യാറാക്കുന്നത് വളരെ നല്ല ഒരു കാര്യം ആണ്. മീന്‍കുളത്തിലെ വെള്ളം തെങ്ങ് പോലുള്ള കൃഷിയ്ക്ക് വളരെ നല്ലതാണ്. ഇതുപോലെ ചെയ്യുമ്പോള്‍ മീന്‍കൃഷിക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കുക. മീന്‍കുളത്തിനെ ഒരു ജലസംഭരണിയായി കണ്ട് വെള്ളം ഉള്ളപ്പോള്‍ മീന്‍ വളര്‍ത്തുക. വേനല്‍ സമയങ്ങളില്‍ അതിലെ വെള്ളം കൃഷിയുടെ ജലസേചനത്തിനായും ഉപയോഗിക്കുക. നാച്ചുറല്‍ അക്വാഫോണിക്‌സ് എന്ന ഈ രീതി തെങ്ങ് പോലുള്ള കൃഷിയ്ക്ക് വളരെ ഗുണകരമാണ്. സീറോ വെയ്സ്റ്റ് സിസ്റ്റം എന്നതായിരിക്കണം ഇനി നമ്മുടെ കൃഷിരീതി. ശ്രമിച്ചാല്‍ എത്ര കുറഞ്ഞ സ്ഥലത്തും നമുക്ക് ആവശ്യമുള്ള സംയോജിത കൃഷി രീതികള്‍ സാധ്യമാക്കിയെടുക്കാം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post