കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ഒരു വെള്ളരി വർഗ്ഗ പച്ചക്കറിയാണ് ചൗചൗ അഥവാ ചൊച്ചക്ക. ശീമ കത്തിരിക്ക, ബാംഗ്ലൂർ ബ്രിംജോൾ, ചയോട്ടെ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ജന്മദേശം. സെക്കിയം എഡ്യൂൾ എന്നാണ് ശാസ്ത്രനാമം. 10 മുതൽ 20 സെന്റീമീറ്റർ വരെ നീളമുള്ള മാംസളമായ പച്ചക്കറിയാണ് ചൗ ചൗ. ഉള്ളിൽ ഒരു വിത്തുണ്ടാകും. പച്ച, വെള്ള എന്നീ നിറങ്ങളിലുള്ള ചൊച്ചക്ക വിപണിയിൽ ലഭ്യമാണ്.
പ്രധാനമായും ശീതകാല വിളയായി കൃഷി ചെയ്യുന്ന ചൗ ചൗ തണുപ്പുള്ള ഇടങ്ങളിലാണ് നന്നായി വളരുന്നത്. കേരളത്തിൽ ചൗചൗ കൂടുതലായി കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. ഈ സസ്യത്തിന്റെ മൂക്കാത്ത കായും തണ്ടും ഇളം ഇലകളും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ചൊച്ചക്കയിൽ അമിനോ ആസിഡ്, വൈറ്റമിൻ സി, നാരുകൾ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. കുക്കുർബിറ്റാസിൻ എന്ന പദാർത്ഥം ചൗചൗ വിന്റെ കായകൾക്ക് ചെറിയ കയ്പ്പ് രുചിയും നൽകുന്നു.
വളരെക്കാലം വിളവെടുക്കാൻ കഴിയുന്ന ഒരു വിളയാണ് ചൗ ചൗ. ഇവയുടെ വിത്തുകൾ കായകൾക്കുള്ളിലിരുന്ന് തന്നെ മുളയ്ക്കും. ഇത് നേരിട്ട് പാകി ചൗചൗ വളർത്താം. പച്ചക്കറി കടകളിൽ നിന്നും മൂത്ത കായ്കൾ ശേഖരിച്ച് രണ്ടാഴ്ച സൂക്ഷിച്ചുവച്ചാൽ ഇവ മുളച്ചു കിട്ടും. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിലാണ് നടേണ്ടത്. നടുന്നതിനു മുൻപ് പച്ചില വളങ്ങളും കാലിവളവും അടിവളമായി ചേർക്കാം. വള്ളി വീശി തുടങ്ങിയാൽ പടരാനുള്ള സൗകര്യമൊരുക്കണം. പാവൽ, പടവലം എന്നിവ കൃഷി ചെയ്യുന്നത് പോലെ തന്നെ ചൗചൗവും വളർത്താം. നട്ട് നാലുമാസം കൊണ്ട് പൂത്തു തുടങ്ങും. പിന്നീട് ആറു മാസത്തോളം തുടർച്ചയായി വിളവെടുക്കാനാകും.
സാമ്പാർ, മെഴുക്കുപുരട്ടി എന്നിവ തയ്യാറാക്കാനായി ചൊച്ചക്ക ഉപയോഗിക്കാം. ഇറച്ചി യോടൊപ്പവും ചേർക്കാം.
Discussion about this post