എറണാകുളം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. വിളകളുടെ തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു. ‘ഗ്രാമം ഹരിതാഭം’ പച്ചക്കറി കൃഷി വികസന പദ്ധതിയുടെയും പച്ചക്കറി കൃഷി ഗ്രൂപ്പ് വനിത പദ്ധതിയുടെയും 2020-21 വർഷത്തെ ഉദ്ഘാടനമാണ് നടന്നത്.
ശീതകാല പച്ചക്കറി വിളകളായ ക്യാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഗ്രാമം ഹരിതാഭം പദ്ധതിയിൽ 250 യൂണിറ്റുകൾക്ക് ജൈവവളം, കുമ്മായം, പച്ചക്കറി തൈകൾ, വിത്ത് പാക്കറ്റ്, കൂലിച്ചെലവ് എന്നിവയും 45 വനിത ഗ്രൂപ്പുകൾക്ക് വളം, പച്ചക്കറി തൈകൾ എന്നിവയും കൂലിചെലവും സബ്സിഡി നിരക്കിൽ ലഭിക്കും.
ചേന്ദമംഗലം പഞ്ചായത്തിനെ ഭക്ഷ്യ സുരക്ഷയിൽ സ്വയം പര്യാപ്തരാക്കുക, പുരയിട കൃഷി പ്രോത്സാഹിപ്പിക്കുക, മാതൃക കൃഷിത്തോട്ടങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. തരിശായി കിടന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ വാർഡുകളിൽ പഞ്ചായത്ത് അംഗങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകും.
Discussion about this post