ശീതകാല വിളയായ കാരറ്റ് കൃഷി ചെയ്യാൻ മികച്ച സമയമാണ് ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലഘട്ടം. ഓറഞ്ച്, ചുവപ്പ്, കടും വയലറ്റ് തുടങ്ങി നിറങ്ങളിൽ കാരറ്റ് ഇനങ്ങൾ ഉണ്ടെങ്കിലും മലയാളികൾക്ക് പ്രിയം ഓറഞ്ച് നിറമുള്ള കാരറ്റ് ഇനം തന്നെയാണ്. സമതലങ്ങളിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങളാണ് പൂസാ കേസർ, പൂസ അസിത, പുഷ്പവൃഷ്ടി, സൂപ്പർ കുറോഡ തുടങ്ങിയവ.
നേരിട്ട് വിത്ത് ബെഡ്ഡുകളിൽ പാകിയാണ് ഇതിൻറെ കൃഷിരീതി. ഒരു സെൻറ് സ്ഥലത്ത് കൃഷി ചെയ്യാൻ ഏകദേശം 25 ഗ്രാം വിത്താണ് വേണ്ടി വരുന്നത്. മാംസളമായ ഇതിൻറെ വേരുകൾക്ക് മികച്ച രീതിയിൽ വളരാൻ പോഷകസമ്പുഷ്ടമായ ആഴമുള്ള മണ്ണാണ് അനുയോജ്യം. കൃഷിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലം വെള്ളം കെട്ടിനിൽക്കാത്ത സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന ഇടം ആയിരിക്കണം. കൃഷിക്ക് ഒരുങ്ങുന്നതിന് മുൻപ് മണ്ണിൽ അഴുകാതെ കിടക്കുന്ന ജൈവാവശിഷ്ടങ്ങൾ നീക്കംചെയ്തു നല്ല രീതിയിൽ ഉഴുതുമറിച്ച് വളങ്ങൾ നൽകണം. ഒരു സെൻറ് സ്ഥലത്തിന് 100 കിലോ ജൈവവളം ആണ് അടിവളമായി നൽകേണ്ടത്.
കൃഷി രീതി
തടങ്ങളിലോ,പ്ലാസ്റ്റിക് കവറിലോ, ഗ്രോബാഗിലോ വിത്ത് പാകാം. വിത്തുകൾ പാകുമ്പോൾ മണലുമായി ചേർത്ത് പാകണം. തയ്യാർ ചെയ്ത ബെഡ്ഡുകളിൽ 5 സെൻറീമീറ്റർ ആഴത്തിൽ ചാലുകൾ എടുത്തു വിത്തുകൾ വിതയ്ക്കാം. ഏകദേശം ഒരാഴ്ച കഴിയുമ്പോൾ വിത്തിന് മുള വരുന്നു. വിത്ത് മുളച്ച് മൂന്നാഴ്ച കഴിയുമ്പോൾ കരുത്തുറ്റ തൈകൾ മാത്രം നിലനിർത്തി മറ്റുള്ളവ കളയുക. ചെടികൾ തമ്മിലുള്ള അകല ക്രമീകരണം 10 സെൻറീമീറ്റർ ആകണം. മികച്ചരീതിയിൽ ഇതിൻറെ വളർച്ച സാധ്യമാക്കാൻ ആവശ്യാനുസരണം ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കണം. കൂടാതെ ജലസേചനവും കള പറിക്കലും സമയാസമയം നടത്തുകയും ചെയ്യണം. മൂന്നാഴ്ചയ്ക്കു ശേഷം ചെടികൾക്ക് ചാണകമോ കമ്പോസ്റ്റോ മണ്ണുമായി കൂട്ടിക്കലർത്തി നൽകുന്നത് ചെടികളുടെ വളർച്ച ദ്രുതഗതിയിൽ ആക്കുവാൻ സഹായിക്കും. മൂന്നുമാസം കഴിയുമ്പോൾ ട്രൈക്കോഡർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ ഒഴിച്ച് കൊടുക്കുന്നത് രോഗങ്ങളില്ലാതെ വളരുവാനും നല്ല കായ്ഫലത്തിനും കാരണമാകും. ആദ്യത്തെ 5 ആഴ്ചകളിൽ എൻ പി കെ വളങ്ങൾ ക്യാരറ്റ് കൃഷി കൊടുക്കുന്നതും ആറാഴ്ചയ്ക്കുശേഷം പൊട്ടാസ്യം ധാരാളമായി അടങ്ങിയ വളങ്ങൾ നൽകുന്നതും നല്ലതാണ്.
ആട്ടിൻ കാഷ്ടം നല്ലരീതിയിൽ പൊടിച്ച് ഇട്ടു കൊടുത്താൽ നല്ല വലിപ്പമുള്ള ക്യാരറ്റ് ലഭ്യമാകും. ക്യാരറ്റ് കൃഷി പ്രധാനമായും കണ്ടുവരുന്ന രോഗമാണ് ഇലകരിച്ചിൽ. ഇതിനെ പ്രതിരോധിക്കാൻ സുഡോമോണസ് കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായിനിൽ കലക്കി ചെടികളിൽ തെളിച്ചു കൊടുക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്താൽ മതി. നിമാവിരകൾ അകറ്റുവാൻ വിത്ത് പാകുന്നതിന് ഒരാഴ്ച മുൻപ് തവാരണകളിൽ വേപ്പിൻപിണ്ണാക്ക് 10 കിലോ ഒരു സെന്റിന് എന്ന രീതിയിൽ ഇട്ടു കൊടുത്താൽ മതി. ഇതിനൊപ്പം ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്യുന്നതും നല്ലതാണ്. കീടനിയന്ത്രണത്തിന് രണ്ടാഴ്ചയിലൊരിക്കൽ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ തളിച്ച് കൊടുക്കുന്നത് ഗുണം ചെയ്യും. ഏകദേശം 70 മുതൽ 80 ദിവസത്തിനുള്ളിൽ കിഴങ്ങുകൾ പൂർണ വളർച്ച എത്തുകയും, വിളവെടുപ്പിന് പാകമാകുകയും ചെയ്യും. വിളവെടുപ്പ് നടത്തുന്നതിനു മുൻപായി നല്ല രീതിയിൽ നനച്ച് കൊടുക്കണം.
Discussion about this post