വാഴ കൃഷിയിൽ വൻനഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗമാണ് കുറുനാമ്പ് രോഗം. മണ്ടയടപ്പ് എന്നും കൂമ്പടപ്പ് എന്നും വിളിക്കാറുണ്ട്. കൂമ്പോലയിലും ഇലക്കവിളിലും വാഴപ്പോളയിലും ഇരുന്ന് നീരൂറ്റിക്കുടിക്കുന്ന തവിട്ടുനിറം കലർന്ന കറുത്ത മുഞ്ഞകൾ അഥവാ വാഴപ്പേനുകളാണ് ഒരു വാഴയിൽ നിന്നും മറ്റൊന്നിലേക്ക് ഈ രോഗം പടർത്തുന്നത്. വരണ്ട കാലാവസ്ഥയിൽ രോഗത്തിന്റെ ആക്രമണം കൂടുതലായി കാണാം.
രോഗലക്ഷണങ്ങൾ
ഇലകളിലും തണ്ടിലും കാണുന്ന കടുംപച്ച വരകൾ ശ്രദ്ധിച്ചാൽ രോഗം നേരത്തേ തന്നെ തിരിച്ചറിയാം. ഇലകളുടെ അഗ്രം മുകളിലേക്ക് ചുരുണ്ട് നിൽക്കുന്നത് കാണാം. ഇലകൾ കട്ടിയുള്ളതാവുകയും കടും പച്ച നിറമാവുകയും വലിപ്പം കുറയുകയും ഞരമ്പുകൾ തെളിഞ്ഞു കാണുകയും ചെയ്യും. പുതുതായി ഉണ്ടാകുന്ന ഇലകൾ കുറുകി ഞെരുങ്ങി കൂമ്പ് അടയ്ക്കുന്നു. ചെറുപ്രായത്തിൽ രോഗബാധയേറ്റ വാഴ കുലക്കാറില്ല. കുലയ്ക്കാറായ വഴക്കാണ് രോഗബാധ ഏൽക്കുന്നതെങ്കിൽ കുലകൾ ചെറുതാകുകയും ചെയ്യും.
നിയന്ത്രണ മാർഗങ്ങൾ
രോഗം ബാധിക്കാത്ത കന്നുകൾ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണ മാർഗ്ഗം. ഇതിനായി രോഗലക്ഷണങ്ങൾ ഇല്ലാത്ത തോട്ടങ്ങളിൽ നിന്ന് കന്ന് സംഘടിപ്പിക്കുക. ടിഷ്യു കൾച്ചർ വാഴകൾ ഉപയോഗിക്കുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും
രോഗം ബാധിച്ച വാഴകൾ പൂർണ്ണമായും പുഴുതുമാറ്റി നശിപ്പിച്ചു കളയണം. മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയുന്നതാണ് നല്ലത്. രോഗം ബാധിച്ച വാഴകളെ തോട്ടത്തിൽ തന്നെ അവശേഷിപ്പിച്ചാൽ വളരെ പെട്ടെന്ന് മറ്റു വാഴകളിലേക്കും കുറുനാമ്പ പടരും. രോഗം ബാധിച്ച വാഴകളിൽ നിന്നും യാതൊരു കാരണവശാലും കന്നുകൾ സ്വീകരിക്കാൻ പാടില്ല.വാഴകളുടെ ഇടവിളയായി പയർ, വെള്ളരി വർഗ്ഗത്തിലുള്ള വിളകൾ കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം.
മിത്ര കുമിളായ വെർട്ടിസിലിയം ലെക്കാനി 20 ഗ്രാം അല്ലെങ്കിൽ 5ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വാഴ പേനുകളെ നിയന്ത്രിക്കും. നട്ട് 25 ദിവസങ്ങൾക്ക് ശേഷവും 65 ദിവസങ്ങൾക്കു ശേഷവും 165 ദിവസങ്ങൾക്ക് ശേഷവും(മൂന്ന് തവണ) ഈ പ്രയോഗം നടത്താം.കർപ്പൂരവള്ളി, ഞാലിപ്പൂവൻ, കൂമ്പില്ലാക്കണ്ണൻ എന്നീ വാഴകൾക്ക് കുറുനാമ്പ് രോഗത്തിനോട് പ്രതിരോധ ശേഷിയുള്ളതായി കണ്ടിട്ടുണ്ട്.
Discussion about this post