200 വർഷത്തിലധികം പഴക്കമുള്ള ഈ തറവാട്ട് വീട്ടിലേക്ക് എത്തുന്ന കാറ്റിന് പോലും ഔഷധക്കൂട്ടുകളുടെ മണമാണ്. അത്രയേറെ ഔഷധസസ്യങ്ങളാണ് ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള ബോസ് എന്ന കർഷകൻ വീടിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളുമുണ്ട്. ഒപ്പം ചെറിയ രീതിയിൽ പച്ചക്കറികളും തേനീച്ചയും ഇദ്ദേഹം കൃഷി ചെയ്യുന്നു.
വീടിന് ഇണങ്ങിയ ഒരന്തരീക്ഷം സൃഷ്ടിക്കാനാണ് ആദ്യം മരങ്ങൾ വച്ചുപിടിപ്പിച്ചത്, പിന്നീട് ഇതൊരു ഹോബിയായി മാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ബോസ് ഇന്നൊരു മുഴുനീള ജൈവ കർഷകനാണ്. കൂടാതെ കാർഷിക സംബന്ധമായ ക്ലാസുകളും എടുത്തു നൽകുന്നു.
കുട്ടിക്കാലം മുതലേ കൃഷിയോട് താല്പര്യമുള്ളതുകൊണ്ട് ജോലി കിട്ടിയപ്പോഴും കൃഷി കൈവിട്ടില്ല. ജോലിയിൽ നിന്നുള്ള ഒഴിവുസമയങ്ങളിൽ ഏറെയും കൃഷിക്കായി ചെലവിട്ടു. കൃഷിക്ക് വേണ്ടി വരുന്ന വളവും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.പ്രകൃതി സ്നേഹിയായ ഇദ്ദേഹം ഇപ്പോൾ വീട്ടുവളപ്പിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കാനും കൃഷിയുടെ നല്ല പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകരാനുമുള്ള പരിശ്രമത്തിലാണ്
Discussion about this post