തെങ്ങ് വളരുന്നതിനും പൂക്കുന്നതിനും നല്ല കായ്ഫലമുണ്ടാക്കുന്നതിനും ബോറോൺ എന്ന മൂലകം അത്യാവശ്യമാണ്. കേരളത്തിലെ 30 ശതമാനം മണ്ണിലും ബോറോണിന്റെ അഭാവം ഉണ്ടെന്നാണ് കണക്ക്.
മണൽ മണ്ണിലും നീർവാർച്ച വളരെ കൂടിയ മണ്ണിലുമെല്ലാം ബോറോണിന്റെ അഭാവം കാണാം. അമിതമായ തോതിൽ മഴ പെയ്യുന്ന പ്രദേശങ്ങളിലും കാൽസ്യം എന്ന മൂലകത്തിന്റെ അളവ് കൂടിയ മണ്ണിലും ബോറോണിന്റെ അപര്യാപ്തത ഉണ്ടാകാറുണ്ട്.
ലക്ഷണങ്ങൾ
ബോറോൺ അപര്യാപ്തത മനസ്സിലാക്കാനുള്ള പ്രധാന ലക്ഷണം ഇലകളിൽ കാണാം. ഇലകളിൽ നിന്ന് ഓലക്കാൽ വിട്ടു വരാതിരിക്കുന്നതാണ് ഏറ്റവും വ്യക്തമായി ബോറോൺ അഭാവം തിരിച്ചറിയാനുള്ള മാർഗം.ബോറോണിന്റെ ലഭ്യത വളരെ കുറവാണെങ്കിൽ ഇത്തരം അനേകം ഇലകൾ ഉണ്ടാകും. ഇളം ഓലകളുടെ വളർച്ച മുരടിക്കുന്നതും കരിയുന്നതും കാണാം. ഇലകളിൽ ചുളുവുകളുണ്ടാകും. ഓലകളുടെ അരികുകൾ കരിയുന്നതും അഗ്രം വളയുന്നതും മറ്റൊരു ലക്ഷണമാണ്.
പൂങ്കുലകളും കായ്കളും കരിയുന്നതും മച്ചിങ്ങ പൊഴിയുന്നതും ബോറോണിന്റെ അഭാവം കൊണ്ടാവാം. വിണ്ടുകീറിയ കായകളും പേട്ടുതേങ്ങകളും കൂടുതലുണ്ടോ എന്ന് ശ്രദ്ധിക്കണം .ചിരട്ടയിൽ നീളത്തിലുള്ള പൊട്ടലുകൾ ഉണ്ടാകുന്നതും ബോറോൺ അഭാവത്തിന്റെ ലക്ഷണമാണ്.
എങ്ങനെ പരിഹരിക്കാം?
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മണ്ണ് പരിശോധിച്ച് മണ്ണിലെ ബോറോൺ, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് വ്യക്തമായി മനസ്സിലാക്കണം. അതനുസരിച്ചാണ് വളപ്രയോഗം നടത്തേണ്ടത്. ബോറോൺ കുറവ് നികത്തുന്നതിനായി ഒരു തെങ്ങിന് 50 ഗ്രാം എന്ന തോതിൽ ബോറാക്സ് മണ്ണിൽ ചേർത്തു കൊടുക്കാം.
Discussion about this post