വിളകളിലെ കുമിള്‍ രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ കുമിള്‍നാശിനികളില്‍ ഒന്നാണ് ബോഡോമിശ്രിതം. ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
കുമ്മായം, തുരിശ്, വെള്ളം എന്നിവയാണ് ബോര്‍ഡോമിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. മായം കലരാത്ത കുമ്മായം ലഭിക്കുന്നതിനായി നീറ്റുകക്ക ചൂടുവെള്ളം ഒഴിച്ച് മൂടി വയ്ക്കാം
തയാറാക്കേണ്ട രീതി.
ഒരു പാത്രത്തില്‍ 500ml വെള്ളമെടുക്കുക. ഇതില്‍ 10 ഗ്രാം കുമ്മായം ചേര്‍ത്ത് ലയിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ 500ml വെള്ളമെടുത്ത് അതിലേക്ക് 10 ഗ്രാം തുരിശും ചേര്‍ത്ത് ലയിപ്പിക്കാം. അതിനുശേഷം കുമ്മായലായിനിയിലേക്ക് തുരിശ് ലായിനി ഒഴിക്കുക. ഒഴിക്കുന്നതിനൊപ്പം ഇളക്കി കൊടുക്കാനും ശ്രദ്ധിക്കണം. യാതൊരു കാരണവശാലും തുരിശ് ലായിനിയിലേക്ക് കുമ്മായ ലായിനി ഒഴിക്കരുത്.വെളുത്ത ചുമരില്‍ നീല മഷി കുടയുന്നതുപോലെ എന്ന് ഓര്‍ത്തുവയ്ക്കുന്നത് നല്ലതാണ്. വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ മിശ്രിതം നിര്‍മ്മിക്കാന്‍ ആനുപാതികമായി ജലത്തിന്റെയും കുമ്മായത്തിന്റെയും തുരിശിന്റെയും അളവ് വര്‍ദ്ധിപ്പിക്കാം.(100ഗ്രാം തുരിശും 100 ഗ്രാം കുമ്മായവും 5ലിറ്റര്‍ വെള്ളത്തില്‍ വെവ്വേറെയായി ലയിപ്പിച്ച് കുമ്മായ ലായനിയിലേക്ക് തുരിശ് ലായനി ഒഴിക്കാം ) 1:1:100 എന്നതാണ് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതത്തിന്റെ അനുപാതം.
തയ്യാറാക്കിയ ലായനിയില്‍ ഇരുമ്പിന്റെ അംശം കൂടുതലാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി തേച്ചു മിനുക്കിയ ഒരു ഇരുമ്പുകത്തി ഈ ലായനിയിലേക്ക് അല്പനേരം മുക്കി വയ്ക്കാം. പുറത്തെടുക്കുമ്പോള്‍ കത്തിയില്‍ ഇരുമ്പിന്റെ പൊടി അടിഞ്ഞതായി കാണുന്നുണ്ടെങ്കില്‍ അല്പംകൂടി കുമ്മായലായിനി ചേര്‍ക്കാം. കൃത്യമായി തയ്യാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറമായിരിക്കും.
സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ ബോഡോമിശ്രിതം തയ്യാറാക്കുന്നതിനായി ഉപയോഗിക്കാന്‍ പാടില്ല. നിര്‍മ്മിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ ഈ മിശ്രിതം ഉപയോഗിക്കണം. കുരുമുളകിന്റെ ദ്രുതവാട്ടം ഉള്‍പ്പെടെയുള്ള അനേകം കുമിള്‍ രോഗങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ബോര്‍ഡോമിശ്രിതം
Discussion about this post