ജാതിക്കാതൊണ്ടിൽ നിന്നുപോലും ജാം, ജെല്ലി, സ്ക്വാഷ്, അച്ചാർ തുടങ്ങി പത്തോളം ഉൽപ്പന്നങ്ങൾ, കൂടാതെ വീട്ടിൽ വിളയുന്ന പപ്പായ, മാമ്പഴം, പൈനാപ്പിൾ, ഞാവൽ, മൽബെറി, റംബൂട്ടാൻ, ചക്ക എന്നിങ്ങനെ ലഭ്യമായ എല്ലാ പഴങ്ങളിൽ നിന്നും വ്യത്യസ്തമായ ഉത്പന്നങ്ങൾ. അമ്മയിൽനിന്നും ലഭിച്ച അറിവും സ്വന്തം മനോധർമവും കൊണ്ട് അൻപതോളം വൈവിധ്യമാർന്ന വിഭവങ്ങളാണ് പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ബീന ടോം തയ്യാറാക്കുന്നത്. യാതൊരുവിധ രാസവസ്തുക്കളും ചേർക്കാതെ തികച്ചും ജൈവരീതിയിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
കൃഷിയിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും ബീന കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. എന്നാൽ ഈ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ മികച്ച വിജയം കൈവരിക്കാൻ ബീനയ്ക്ക് കഴിഞ്ഞു. മുപ്പതോളം പഴചെടികൾ മൂന്നരയേക്കറോളം വരുന്ന വീട്ടുപരിസരത്ത് ബീന നട്ടുവളർത്തുന്നുണ്ട്.പ്രധാന വിളകളിലൊന്നാണ് ജാതി. ഒപ്പം ജാതിത്തോട്ടത്തിൽ തന്നെ തേനീച്ച കൃഷിയുമുണ്ട്. ഇവയിൽ നിന്ന് ശേഖരിക്കുന്ന വിളവ് ഉപയോഗിച്ചാണ് ഒട്ടുമിക്ക ഉല്പന്നങ്ങളും നിർമിക്കുന്നത്. ഇതോടൊപ്പം വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മീനുമെല്ലാം സ്വന്തമായി തന്നെ ബീന കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുക എന്നതുമാത്രമല്ല മറ്റുള്ളവർക്ക് കൃഷി അറിവ് പകർന്നു നൽകാനും ബീനയ്ക്ക് ഏറെ ഉത്സാഹമാണ്. തേനീച്ച കൃഷിയെ കുറിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെ കുറിച്ചുമുള്ള പരിശീലന ക്ലാസുകളും ബീന നൽകാറുണ്ട്.
(പണ്ടുകാലത്ത് കേരളത്തിൽ പ്രസിദ്ധമായിരുന്ന മാമ്പഴവിഭവമായിരുന്നു മാമ്പഴത്തെര. അന്യം നിന്നുപോകുന്ന മാമ്പഴത്തെരയും ബീന തയ്യാറാക്കി നൽകുന്നുണ്ട്. മാമ്പഴം കൂടാതെ ചക്ക കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്. ഐസ്ക്രീം ചക്കവരട്ടി എന്നിവ അവയിൽ ചിലതാണ്.)
തേൻ മാമ്പഴം, തേൻ ജാതിക്ക, തേൻ പഴം, തേൻ കാന്താരി, തേൻ വെളുത്തുള്ളി, ഹണീ ജിഞ്ചർ, ഹണി മഞ്ഞൾ , ഹണി ജാമുൻ തുടങ്ങി വിവിധങ്ങളായ തേൻ ഉത്പന്നങ്ങൾ ഈ സംരംഭക തയ്യാറാക്കുന്നുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഭക്ഷണത്തിന്റെ ഭാഗമായി തീർച്ചയായും ഉൾപ്പെടുത്തേണ്ട ഔഷധമാണ് തേൻ എന്ന് ബീന പറയുന്നു.
ഭക്ഷ്യവസ്തുക്കൾ മാത്രമല്ല, ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുമുള്ള വിവിധതരം ക്രീമുകളും എണ്ണകളും പൊടികളുമെല്ലാം ഇവിടെ ലഭിക്കും. തേൻ മെഴുകിൽ നിന്നാണ് ക്രീമുകൾ ഉല്പാദിപ്പിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നേരിട്ടും വിൽപ്പന നടത്തുന്നുണ്ട്. ഈ സംരംഭകയ്ക്ക് പാലാ മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ മികച്ച മൂല്യവർധിത ഉൽപ്പന്ന നിർമ്മാതാവിന് ഉള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
പാലാ കോ-ഓപ്പറേറ്റീവിന് കീഴിലുള്ള സ്കൂളുകളിൽ സ്റ്റുഡൻന്റ് കൗൺസിലറായി ജോലി നോക്കുകയാണ് ബീന ടോം. ഭർത്താവ് ടോം സി ആന്റണി റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. ഭർത്താവും മക്കളായ ശീതളും അരുണും പൂർണപിന്തുണയുമായി ബീന യോടൊപ്പമുണ്ട്.
Discussion about this post