ജൂണ്‍ -ജൂലൈ മാസങ്ങളില്‍ നടാന്‍ പറ്റിയ ഔഷധഗുണങ്ങളേറെയുള്ള സസ്യമാണ് ശതാവരി. കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട ശതാവരിയെ ആയുര്‍വേദത്തിലെ ജീവന പഞ്ചമൂലത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറു വേരുകള്‍ എന്നാണ് ശതാവരി എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ത്യയിലുടനീളം കൃഷി ചെയ്യുന്ന ശതാവരിയുടെ ഇല, കിഴങ്ങ് എന്നിവയെല്ലാം ഔഷധഗുണങ്ങളുള്ളതാണ്.
ശതാവരിയെ ഉദ്യാനങ്ങളിലും വളര്‍ത്തുന്നവരുമുണ്ട്. മഞ്ഞപ്പൂക്കളാണ് ഇതിന്റെ സൗന്ദര്യം. വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. കിഴങ്ങ് മുളപ്പിച്ചും തൈകള്‍ ഉണ്ടാക്കുന്നുണ്ട്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ശതാവരി പുഷ്പിക്കുന്നത്. കായ്കള്‍ വിളഞ്ഞു പാകമാകുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലാണ്. പ്രധാനമായും രണ്ടുതരം ശതാവരികളാണുള്ളത്. അസ്പരാഗസ് ഗൊണോക്ലാഡസ്, അസ്പരാഗസ് റസിമോസസ് എന്നിവ. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തില്‍ പടര്‍ന്നു വളരുന്നവയും മുള്ളുകള്‍ അല്‍പ്പം വളഞ്ഞതുമാണ്. ജനുവരി – മാര്‍ച്ച് മാസങ്ങളില്‍ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വര്‍ഗ്ഗം അധികം ഉയരത്തില്‍ പടരാത്തവയും നേരെയുള്ള മുള്ളുകള്‍ ഉള്ളതുമാണ്. ജൂണ്‍ – സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.
കൃഷി ചെയ്യുന്ന വിധം
നല്ല പോലെ കിളച്ചൊരുക്കിയ മണ്ണില്‍ ഒരു മീറ്റര്‍ അകലത്തില്‍ ഒരടി സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുക്കണം. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ കുഴികളില്‍ ഇട്ടുകൊടുക്കണം. കുഴികളുടെ അരികുകള്‍ ഇടിച്ചുമൂടി കുഴികള്‍ മുകള്‍ഭാഗം അല്‍പ്പം ഉയരത്തിലാക്കുക. ഓരോ കുഴിയിലും ഒരു തൈ വീതം നടുക. ശതാവരിയുടെ വള്ളികള്‍ പടര്‍ന്നുകയറുമ്പോള്‍ കമ്പുകള്‍ കുത്തിക്കൊടുത്ത് ചെടി അതിലേക്ക് പടര്‍ത്താം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. രണ്ടാം വര്‍ഷം അവസാനിക്കുന്നതോടെ ചെടികള്‍ വെട്ടിനീക്കി കൂനകള്‍ കിളച്ച് കിഴങ്ങുകള്‍ ശേഖരിക്കാം.
Discussion about this post