കൃഷിചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനമെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലെ എ. കെ മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫിക്ക. അറുപത്തി മൂന്നാം വയസ്സിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്ക് അദ്ദേഹം തിരിയുന്നത്. ആദ്യ കൃഷിയിൽ പരാജയത്തിന്റെ സ്വാദ് നുകർന്നപ്പോഴും ഈ കർഷകൻ കൃഷിയിൽ നിന്ന് പിൻമാറിയില്ല. പതറാത്ത മനസ്സുമായി കൃഷിയിലേക്ക് വീണ്ടും മുന്നിട്ടിറങ്ങി. അങ്ങനെ കാർഷികരംഗത്ത് തൻറെതായ ഒരു ഇടം അദ്ദേഹം കണ്ടെത്തുക തന്നെ ചെയ്തു. പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കുന്ന ഇവിടത്തെ പച്ചക്കറികൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്.
കാർഷിക കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തി ആയതിനാൽ കൃഷിയോട് പണ്ടുതൊട്ടേ താല്പര്യമുള്ള ആളായിരുന്നു അഷ്റഫിക്ക. അദ്ദേഹത്തിൻറെ അച്ഛൻ മികച്ചൊരു ജൈവകർഷകൻ ആയിരുന്നു. അച്ഛനിൽ നിന്ന് ലഭിച്ച കാർഷിക വിദ്യകളാണ് ഇന്നും അദ്ദേഹം കൃഷിയിടത്തിൽ പ്രയോഗിക്കുന്നത്. നാളികേരം ശേഖരിച്ച് വിൽപ്പന നടത്തുന്ന ബിസിനസിന് ഇടയിലാണ് പൂർണമായും കൃഷിയിലേക്ക് തിരിയാം എന്നൊരു ആശയം അദ്ദേഹത്തിൻറെ മനസ്സിലേക്ക് ചെന്നെത്തുന്നത്. പിന്നീട് സുഹൃത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തു കൃഷി ആരംഭിച്ചു. ചീര, പടവലം, കപ്പ, പാവയ്ക്ക, മത്തൻ അങ്ങനെ എല്ലാം ആ മണ്ണിൽ വിളയിച്ചെടുത്തു. കിണറ്റിൽ നിന്ന് വെള്ളം കോരിയാണ് ഓരോ വിളക്കും വേണ്ട വെള്ളമെത്തിക്കുന്നത്. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമേ കൃഷിയിടത്തിൽ ഉപയോഗിക്കാറുള്ളൂ. അതുതന്നെയാണ് ഈ കൃഷിയിടത്തിൽ നൂറുമേനി വിളയുന്നതിൻറെ അടിത്തറയും.
രാവിലെ നാലുമണിക്ക് എഴുന്നേറ്റ് കൃത്യം ആറു മണി ആകുമ്പോഴേക്കും കൃഷിയിടത്തിൽ അദ്ദേഹം എത്തിച്ചേരും. എല്ലാം ഒറ്റയ്ക്ക് തന്നെയാണ് നോക്കിനടത്തുന്നത്. ഒരു ചെടി നട്ടു അത് നല്ലപോലെ പരിചരിച്ചു അതിൽനിന്ന് വിളവെടുപ്പ് നടത്തുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് അഷ്റഫിക്ക പറയുന്നു. അത് ഓരോ മനുഷ്യനും അനുഭവിക്കേണ്ടതും ആസ്വദിക്കേണ്ടതുമാണ്..
Discussion about this post