സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ വര്‍ഷം തോറും ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളുടെ തുടിപ്പിന് വീണ്ടും താളം നല്‍കുന്ന മഹത്തായ കൈപുണ്യത്തിനുടമയാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവിയുമായ ഡോ.ടി.കെ.ജയകുമാര്‍. രോഗികള്‍ക്കായി തന്റെ മുഴുവന്‍ സമയവും മാറ്റിവെച്ച ഇദ്ദേഹം, ശസ്ത്രക്രിയകളും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്ന നിലയിലെ തിരക്കുകളുമായി രാപ്പകല്‍ ഭേദമന്യേ മുഴുവന്‍ സമയവും ആശുപത്രിയില്‍ തന്നെയുണ്ടാകും.
ഈ വലിയ തിരക്കുകള്‍ക്കിടയിലും ഡോ.ജയകുമാറും അദ്ദേഹത്തിന്റെ ഭാര്യ, കോട്ടയം മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ.ലക്ഷ്മിയും അവരുടെ ഈ പ്രിയപ്പെട്ട ഫാമിലേക്ക് ഓടിയെത്തുന്നു. കിടങ്ങൂരിന് സമീപം കോങ്ങാണ്ടൂരിലെ ഈ ഫാമില്‍ അവരുടെ പ്രിയപ്പെട്ട പശുക്കളും കൃഷിത്തോട്ടവുമെല്ലാമുണ്ട്. ഒപ്പം പ്രകൃതി സ്നേഹി കൂടിയായ ഡോ.ലക്ഷ്മി നട്ടുവളര്‍ത്തുന്ന വ്യത്യസ്തങ്ങളായ മരങ്ങളും.
പശുക്കളെ വളര്‍ത്തുന്നതിന് പുറമെ കപ്പയും, വാഴയും തെങ്ങുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കൂടാതെ പ്ലാവ്, മാവ്, പേര, പപ്പായ, നാരകം, കുരുമുളക് എന്നിവയുമുണ്ട്. ഒപ്പം വ്യത്യസ്തവും അപൂര്‍വവുമായ വൃക്ഷങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.
വര്‍ഷത്തില്‍ ഒട്ടനേകം പേരുടെ ഹൃദയങ്ങളെ പരിപാലിക്കുന്ന ഡോ.ജയകുമാര്‍ അതേ സ്‌നേഹത്തോടെ പ്രകൃതിയേയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ്. എല്ലാത്തിനും മുന്‍പന്തിയില്‍ ഡോ.ലക്ഷ്മിയും പിന്തുണയുമായി മക്കളായ ചിന്‍മയിയും ചിദാനന്ദുമുണ്ട്. പശുക്കളും മരങ്ങളും ചെടികളുമെല്ലാമായി ഫാം കൂടുതല്‍ വിപുലമാക്കാന്‍ സാധിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.
Discussion about this post