കോവിഡ് എന്ന മഹാമാരിയിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായ ഈ സമയം നമുക്ക് കൃഷിക്കായി മാറ്റിവെച്ചാലോ? കൃഷിയില്‍ നിങ്ങളെ സഹായിക്കാന്‍ അഗ്രിടീവിയൊരുക്കുന്ന ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം വിളയൊരുക്കാം’. വിവിധ കൃഷി രീതികള്‍ ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തുന്നു. ഒപ്പം നിങ്ങള്‍ക്കും കൃഷി അനുഭവങ്ങള്‍ പങ്കുവെക്കാം.
വലിയ പരിചരണം ആവശ്യമില്ലാത്ത, കാര്യമായ കൃഷി പരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വെള്ളരി വർഗ്ഗത്തിൽ പെടുന്ന ഒരു ദീർഘകാല വിളയാണ് കോവൽ. കോവലിന് ആൺ ചെടിയും പെൺചെടിയും ഉണ്ട്. പെൺ ചെടികൾ മാത്രമാണ് വിളവ് തരുന്നത്. നല്ല വിളവ് തരുന്ന പെൺ ചെടിയുടെ തണ്ടുകൾ നടാനായി ഉപയോഗിക്കാം. 25 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇടത്തരം മൂപ്പുള്ള വള്ളികൾ മുറിച്ചെടുത്ത് നടണം. . കോവൽ നടാനായി രണ്ട് മീറ്റർ അകലത്തിൽ രണ്ട് അടി വലിപ്പമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും 10 കിലോഗ്രാം ജൈവവളവും ചേർത്തു കൊടുക്കാം. ഓരോ കുഴിയിലും രണ്ടു വള്ളി വീതമെങ്കിലും നടണം. വള്ളികൾക്ക് പടർന്നു കയറുന്നതിനായി പന്തൽ ഒരുക്കാം. ചെടികൾ നട്ട് 60 ദിവസം ആകുമ്പോഴേക്കും പുഷ്പിക്കാൻ തുടങ്ങും. കായകൾ വളരെ വേഗത്തിലാണ് വലുതാകുന്നത്. 5-6 ദിവസത്തിനുള്ളിൽ കായ പറിക്കണം. കോവലിന് ജൈവവളങ്ങൾ ഏറെ പ്രിയമാണ്.
വിളവെടുപ്പ് തുടങ്ങി കഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ അടങ്ങിയ ജൈവവളകൂട്ട് 2 ചിരട്ട വീതം നൽകിയാൽ പുതിയ വള്ളികൾ ഉത്തേജിപ്പിക്കാനും മെച്ചപ്പെട്ട വിളവ് ലഭിക്കാനും സഹായിക്കും. വളർച്ച മുറ്റിയ വള്ളികൾ മാർച്ച്-ഏപ്രിൽ മാസത്തിൽ മുറിച്ച് കളയാം. അതിനുശേഷം തടമെടുത്തു ചാണക മിശ്രിതമോ മറ്റ് ജൈവവളങ്ങളോ നൽകിയശേഷം നനച്ച് മണ്ണ് കയറ്റി കൊടുക്കാം. മൂന്നുനാലു വർഷം വരെ ചെടികൾ വളർത്താനാകും.
Discussion about this post