ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ കാരണം കേശസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കും. കേശവർധിനി, ചെമ്പരത്തി, കറ്റാർ വാഴ, ഭൃംഗരാജ, ബ്രഹ്മി നീലഅമരി എന്നിവ അവയിൽ ചിലതാണ്
കേശവർദ്ധിനി പോലെ തന്നെ മുടിയുടെ ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഔഷധസസ്യമാണ് ഭൃംഗരാജ അഥവാ കയ്യോന്നി. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടികൊഴിച്ചിൽ അകാലനര എന്നിവയ്ക്ക് പരിഹാരമാണ്. കേശസംരക്ഷണത്തിനുതകുന്ന അനേകം ആയുർവേദ മരുന്നുകളിലെ ചേരുവ കൂടെയാണ് കയ്യോന്നി.
പയറുവർഗ്ഗങ്ങളുൾപ്പെടുന്ന ഫാബേസിയെ കുടുംബത്തിൽപ്പെട്ട ഒരു ഔഷധച്ചെടി ആണ് നീലഅമരി. ഒന്നോ രണ്ടോ മീറ്റർ മാത്രം വളരുന്ന കുറ്റിച്ചെടിയാണിത്. എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ നീലഅമരി ചില്ലറക്കാരിയല്ല.
കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന നീലിഭൃംഗാദി പോലെയുള്ള എണ്ണകളുടെ പ്രധാന ചേരുവയാണ് നീലഅമരി. രാസപദാർത്ഥങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർഡൈ ആണ് നീല അമരിപ്പൊടി. ഇലകൾ തണലത്ത് ഉണക്കിപ്പൊടിച്ചാണ് നീല അമരി പൊടി നിർമ്മിക്കുന്നത്. മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവയോടൊപ്പം മുടി വളർച്ചയ്ക്ക് അനുയോജ്യമായ ഹെയർ പാക്ക് ആയും നീലഅമരി ഉപയോഗിക്കാറുണ്ട്.
അനേകം ഔഷധഗുണങ്ങളുള്ള കറ്റാർവാഴയും കേശസംരക്ഷണത്തിന് ഏറെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻ എ, സി, ഇ, വൈറ്റമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ ആരോഗ്യകരമായ തിളങ്ങുന്ന മുടി നൽകുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.
ഇടതൂർന്ന ഭംഗിയുള്ള മുടിക്കായി പണ്ടുകാലം മുതൽക്കേ നാം ചെമ്പരത്തി താളി ഉപയോഗിച്ചിരുന്നു. ചെമ്പരത്തിയുടെ ഇലയും പൂവും ചതച്ച് ഉണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനായി തലയിൽ തേച്ച് കഴുകാറുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കെരാറ്റിൻ മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ്. പ്രകൃതിദത്തമായ കണ്ടീഷണറായി ചെമ്പരത്തി താളി ഉപയോഗിക്കാം. ഇത് താരൻ ചൊറിച്ചിൽ അകാലനര എന്നിവ അകറ്റുകയും തണുപ്പ് നല്കുകയും ചെയ്യും.
കേശ സംരക്ഷണത്തിനുതകുന്ന മറ്റൊരു പ്രധാന ഔഷധസസ്യമാണ് ബ്രഹ്മി. പാടങ്ങളിലും നനവ് കൂടുതലുള്ള ഇടങ്ങളിലും ഇവ ധാരാളമായി വളരും. ബ്രഹ്‌മിയിലടങ്ങിയിട്ടുള്ള ആൽക്കലോയിഡുകൾ മുടിവളർച്ചയ്ക്ക് സഹായിക്കും.ബ്രഹ്മി നീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.
Discussion about this post