അമിതവണ്ണം, പ്രമേഹം എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങൾ ഏറിവരുന്ന ഇക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം പോഷകഗുണങ്ങളുള്ളതും സുരക്ഷിതവുമായ ഭക്ഷണം കഴിക്കുക എന്നതാണ്. അതിന് പറ്റിയ മാർഗമാണ് മൈക്രോ ഗ്രീൻസ്. സ്ഥല പരിമിതിയുള്ളവർക്ക് പോലും കുറഞ്ഞ ചിലവിലും അധ്വാനത്തിലും മൈക്രോ ഗ്രീൻസ് വളർത്തിയെടുക്കാവുന്നതേയുള്ളൂ.
1998 ലാണ് ആദ്യമായി മൈക്രോഗ്രീൻ എന്ന പദം ഉപയോഗിക്കപ്പെടുന്നത്.പിന്നീടങ്ങോട്ട് ഇവയുടെ ഉപയോഗം വലിയ തോതിൽ വർദ്ധിച്ചു.സാധാരണ പച്ചക്കറികളിലടങ്ങിയിട്ടുള്ളതിനേക്കാൾ ആറിരട്ടിയോളം കൂടുതൽ പോഷകമൂല്യങ്ങൾ മൈക്രോ ഗ്രീൻസിൽ അടങ്ങിയിട്ടുണ്ട്. 5 മുതൽ 10 സെന്റീമീറ്റർ വരെ വലിപ്പമുള്ള, 15 ദിവസം വരെ പ്രായമുള്ള, വേരും തണ്ടും തളിരിലകളും ബീജപത്രവും മാത്രമുള്ള കുഞ്ഞൻമാരാണ് മൈക്രോ ഗ്രീൻസ്. 25ഓളം സസ്യങ്ങളിൽ നിന്നും മൈക്രോ ഗ്രീൻസ് ഉല്പാദിപ്പിക്കുന്നുണ്ട്. പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഉലുവ, കടുക്, ചീര, എന്നിങ്ങനെയുള്ള വിളകളുടെ വിത്തുകൾ മുളപ്പിച്ച് 15 ദിവസത്തോളം വളർത്തി മൈക്രോഗ്രീൻസായി ഉപയോഗിക്കാം.
പ്ലാസ്റ്റിക് ട്രേ, ഗ്രോ ബാഗ്, ചെടിച്ചട്ടികൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം മൈക്രോ ഗ്രീൻസ് വളർത്താനായി ഉപയോഗിക്കാം.ഇത്തരത്തിൽ മൈക്രോ ഗ്രീൻസ് വളർത്തുന്നതിന് മണ്ണോ മറ്റു വളങ്ങളോ നിർബന്ധമല്ല. ടിഷ്യു പേപ്പറിലോ വൃത്തിയുള്ള തുണിയിലോ പോലും മൈക്രോ ഗ്രീൻസ് വളർത്താം. 12 മണിക്കൂർ കുതിർത്ത വിത്തുകൾ ടിഷ്യു പേപ്പറോ തുണിയോ ചകിരിച്ചോറോ മണ്ണോ വിരിച്ച പ്ലാസ്റ്റിക് ട്രേകളിലോ പാത്രങ്ങളിലോ പാകി മുളപ്പിക്കാം. ടിഷ്യൂപേപ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ മൂന്നു ലെയറെങ്കിലും നൽകണം. ദിവസവും മൂന്നുനേരം ചെറിയതോതിൽ നന നൽകണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് മൈക്രോഗ്രീൻ സൂക്ഷിക്കേണ്ടത്. 15 ദിവസത്തിനുള്ളിൽ വിളവെടുക്കാം. രണ്ടിലയിലധികം വളർന്നാൽ വേര് ഒഴിവാക്കണം. മണ്ണ്, ചകിരിച്ചോറ് എന്നീ മാധ്യമങ്ങളിൽ വളർത്തിയ മൈക്രോഗ്രീൻസിന്റേയും വേരുകൾ ഒഴിവാക്കാം.
വൈറ്റമിൻ സി, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫോളിക് ആസിഡ്, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് മൈക്രോ ഗ്രീൻസ്. ദഹനപ്രശ്നം, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മൈക്രോ ഗ്രീൻസ് ഏറെ ഗുണകരമാണ്. കാലറി വളരെ കുറഞ്ഞ മൈക്രോ ഗ്രീൻസ് അമിതവണ്ണം കുറയ്ക്കുന്നതിനും നല്ലതാണ്. തോരൻ, മെഴുക്കുപുരട്ടി എന്നിവ തയ്യാറാക്കിയും സാലഡിൽ ചേർത്തും മൈക്രോ ഗ്രീൻസ് കഴിക്കാം.
Discussion about this post